കൊച്ചി: എറണാകുളം ജില്ലയിൽ മഴയും കടൽക്ഷോഭവും ശക്തമായി. പുഴകളിലെ ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി. കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് അധികൃതർ നൽകി. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ജില്ലയിലൂടെ ഒഴുകുന്ന പെരിയാർ, മൂവാറ്റുപുഴയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയിലെ ജലനിരപ്പ് വർദ്ധിച്ച് അപകട മുന്നറിയിപ്പ് നിലയിലെത്തി. ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് വർദ്ധിച്ചു.

കിഴക്കൻ മേഖലയിൽ മഴ ശക്തമാണ്. നേര്യമംഗലത്ത് മരം വീണ് ഏതാനും വീടുകൾക്ക് കേടുപാടുണ്ടായി.

ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായതോടെ വീടുകളിൽ വീണ്ടും വെള്ളം കയറി. വൈപ്പിൻ ഉൾപ്പെടെ തീരദേശത്ത് ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനവും വിലയിക്കിയിട്ടുണ്ട്.