ആലുവ: കൊവിഡ് വ്യാപനം തടയുന്നതിന് ബൃഹത് പദ്ധതിയുമായി റൂറൽ ജില്ലാ പൊലീസ്. കൊവിഡ് സ്ഥിരീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിനും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും, ജില്ലാ പൊലീസ് ആസ്ഥാനത്ത് വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
രണ്ടു ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും. കൊവിഡ് പോസിറ്റീവ് ആയവരെ ബന്ധപ്പെട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് തയ്യാറാക്കും. ഇതിനായി ഫോണിൽ ബന്ധപ്പെടും. തുടർന്ന് പ്രാഥമിക, ദ്വിതീയ, തൃതീയ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തും. ഗൂഗിൾ മാപ്പ്, സി.സി ടിവി, ടെലിഫോൺ രേഖകൾ എന്നിവ പരിശോധിക്കും. എല്ലാ പൊലീസ് സ്റ്റേഷനിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തയ്യാറാക്കുന്ന സമ്പർക്കപ്പട്ടിക ജില്ലാ സർവൈലൻസ് ഓഫീസർക്ക് കൈമാറും. തുടർന്ന് രോഗവ്യാപന പ്രദേശങ്ങിൽ ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പിലാക്കും.
വിദേശത്തുനിന്നും വരുന്നവരുടെയും ഇതര സംസ്ഥാനത്തുനിന്നു വരുന്നവരുടേയും കണക്കുകളും വിവരങ്ങളും ജില്ലാ പൊലീസ് ആസ്ഥാനത്ത് ശേഖരിക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണകാലവും പൊലീസിന്റെ പരിശോധനക്കു വിധേയമാക്കും. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നവരുടെ ഉത്തരവാദിത്വമാണ് ഇവർ ക്വാറന്റെയിൻ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തൽ. തൊഴിലാളികൾ ഇത് ലംഘിച്ചാൽ കൊണ്ടുവരുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ 'ഹാപ്പി അറ്റ് ഹോം' എന്ന ആപ്ലിക്കേഷൻ വഴിയും ക്വാറന്റെയിനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നുണ്ട്.