kerala-budget

കൊച്ചി:ധനമന്ത്രിയായിരുന്ന കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതു തടസപ്പെടുത്തി പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിന്റെ വിചാരണ സമയബന്ധിതമായി തുടങ്ങാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി പത്തുദിവസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരെ പ്രതികളാക്കി 2016ൽ അന്തിമറിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയില്ലെന്നും കേസ് നടപടികൾ അവസാനിപ്പിക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം പെരുവ സ്വദേശി എം.ടി തോമസ്, കടുത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ എന്നിവരാണ് ഹർജി നൽകിയത്.

അന്നത്തെ എം.എൽ.എമാരായ കെ. അജിത്ത്, കുഞ്ഞഹമ്മദ്, ഇ.പി. ജയരാജൻ, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി, കെ.ടി.ജലീൽ എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ ഇതുവരെ ജാമ്യംപോലും എടുത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. 2018 ജൂലായിൽ പ്രോസിക്യൂഷൻ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതും കോടതിയുടെ പരിഗണനയിലാണ്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതി 30 തവണ കേസ് പരിഗണിച്ചശേഷം മാറ്റിവച്ചെന്ന് ഹർജിയിൽ പറയുന്നു.