മൂവാറ്റുപുഴ: പ്രതിഷേധം ഫലം കണ്ടു. ക്ഷീരകർഷകർക്ക് ഇൻസെന്റീവ് ഉടൻ ലഭിക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് വേണ്ടി വകയിരുത്തിയ 24 ലക്ഷം രൂപ വകമാറ്റിയ നടപടിക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം.ഹാരീസ്, ഒ.സി.ഏലിയാസ്, സ്മിത സിജു, അഡ്വ.ചിന്നമ്മ ഷൈൻ എന്നിവരാണ് സമരം നടത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ക്ഷീര കർഷകർക്ക് ഇൻസന്റീവ് നൽകാനായി 14 -ലക്ഷം രൂപ വകയിരുത്തി. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ള മൂവാറ്റുപുഴ ബ്ലോക്കിൽ വർഷങ്ങളായി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് നൽകുന്ന ധനസഹായം ഏകപക്ഷീയമായി വകമാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച തുക ഏതാനും ഡിവിഷനുകളിലേയ്ക്ക് മാത്രമായി ചുരുക്കുകയും പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോ ചർച്ചയോ കൂടാതെ ചില കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് ഫണ്ട് വകമാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജില്ലയിലെ മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾ തുക വർദ്ധിപ്പിച്ചു വിതരണം ചെയ്യുമ്പോൾ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തുക പൂർണമായും വകമാറ്റിയത് വഞ്ചനയാണന്നും കൊവിഡ് കാലത്ത് ദുരിതത്തിലായിരിക്കുന്ന ക്ഷീരകർഷകർക്ക് ഇതു വലിയ തിരിച്ചടിയാണുണ്ടാക്കിയെന്നും സമരത്തിൽ പങ്കെടുത്ത അംഗങ്ങൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേർത്ത് ഫണ്ട് വകമാറ്റിയത് പരിശോധനക്ക് വിധേയമാക്കിയത്.