തൃപ്പൂണിത്തുറ: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സർവീസ് നടത്തിയ സ്വകാര്യ ബസ് തടഞ്ഞ് നിന്നു യാത്ര ചെയ്തവരെ പുറത്തിറക്കിയത് നടുറോഡിൽ നാടകീയ രംഗങ്ങൾ വഴിവച്ചു. ഇന്നലെ രാവിലെ ജില്ലാതിർത്തിയായ പൂത്തോട്ടയിലാണ് സംഭവം. വൈക്കത്ത് നിന്ന് സർവീസ് ആരംഭിച്ച ബസാണ് പുത്തൻ കാവിൽ വച്ച് നാട്ടുകാർ തടഞ്ഞത്. സീറ്റിൽ ഇരിക്കുന്നവർ ഒഴി എല്ലാവരെയും ബസിൽ നിന്നും ഇറക്കി. ഇതിൽ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ യാത്രക്കാരെല്ലാം റോഡിലിരുന്ന് പ്രതിഷേധിച്ചതോടെയാണ്കാര്യങ്ങൾ കൈവിട്ടുപോയത്.
റോഡ് ഉപരോധം നാട്ടുകാരുമായുള്ള വാക്കുതർക്കത്തിന് ഇടയാക്കി. ഇതിനിടയിൽ പ്രതിഷേധത്തിനു മുന്നിൽ നിന്ന സ്ത്രീ റോഡിൽ കിടന്ന് വഴി തടഞ്ഞു. വിവരമറിഞ്ഞെത്തിയ ഉദയംപേരൂർ പൊലീസ് പ്രതിഷേധക്കാരെ റോഡിൽ നിന്നും മാറ്റി.ഇവരെ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി മറ്റൊരു ബസിൽ കയറ്റി വിട്ടു. അതേസമയം നിയമം ലംഘിച്ച് യാത്രക്കാരെ കയറ്റിക്കൊണ്ടു വന്ന സ്വകാര്യ ബസിനെതിരെ കേസെടുത്തതായി ഉദയംപേരൂർ പൊലീസ് അറിയിച്ചു. കോട്ടയം ഭാഗത്തു നിന്നു വരുന്ന ബസുകൾ യാത്രക്കാരെ നിറച്ചു കൊണ്ടുവന്നത് പതിവുകാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസവും ഇവിടെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസിനെതിരിരെ കേസെടുത്തിരുന്നു.