മൂവാറ്റുപുഴ: ശക്തമായ കാറ്റിൽ കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. ഇന്നലെ രാവിലെ പത്തരയോടെ കല്ലൂർക്കാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരന്റെ കാറിനു മുകളിലാണ് മരം വീണത്. കാറ് ഭാഗികമായി തകർന്നു. സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന ഞാവൽ മരമാണ് കടപുഴകിയത്. ശക്തമായ കാറ്റിൽ എം.സി. റോഡിലെ പേഴക്കാപ്പള്ളിയിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും റൂഫിംഗ് തെറിച്ച് ഇതുവഴി പോകുകയായിരുന്ന ലോറിയുടെ മുകളിലേക്ക് വീണു. മൂന്ന് മണിയോടെയായിരുന്നു സംഭവം. ആളപായം ഇല്ല. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തടസങ്ങളെല്ലാം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.