കൊച്ചി: പ്ലസ്ടുവിന് ഉയർന്ന മാർക്കു വാങ്ങി പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ മുവാറ്റുപുഴ സ്വദേശി വിനായകിന് ജില്ലാ കളക്ടർ ടാബ് സമ്മാനമായി നൽകി. നേര്യമംഗലം നവോദയ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന വിനായക് ഇന്നലെ കളക്ടറേറ്റിൽ അച്ഛഛനോടൊപ്പം എത്തിയാണ് ജില്ലാ കളക്ടർ എസ്.സുഹാസിന്റെ സ്‌നേഹ സമ്മാനം ഏറ്റുവാങ്ങിയത്. സി.ബി.എസ്.ഇ കൊമേഴ്‌സ് വിഭാഗത്തിൽ രാജ്യത്തെ 548 ജവഹർ നവോദയ സ്‌കൂളുകളിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവാണ് വിനായകൻ. 500 ൽ 493 മാർക്കാണ് നേടിയത്.
മൂവാറ്റുപുഴ താലൂക്കിലെ മണിയന്തറ മടക്കത്താനം മാലിൽ വീട്ടിൽ കൂലിപ്പണിക്കാരായ എം.കെ. മനോജിന്റെയും തങ്കയുടെയും രണ്ടാമത്തെ മകനാണ്. നേരത്തെ ദുൽഖർ സൽമാൻ മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. നടൻ മോഹൻലാലും ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ഉയർന്ന പഠനത്തിനുള്ള സഹായം നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. വിഷ്ണു പ്രസാദ് സഹോദരനാണ്. കളക്ടർ ആവശ്യപ്പെട്ടതനുസരിച്ച് ടെക് ക്യൂ മൊബൈൽ ഷോപ്പാണ് ടാബ് നൽകിയത്.