ആലുവ: ശക്തമായ മഴയും അണക്കെട്ടുകൾ തുറക്കുകയും ചെയ്തതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഭഗവാൻ ശിവന് ആറാട്ട് ഉത്സവം. ഇന്നലെ രാത്രി 8.15ഓടെയാണ് സ്വയംഭൂവിഗ്രഹവും തിടമ്പും വെള്ളത്തിൽ മുങ്ങിയത്. ഉച്ചതിരിഞ്ഞ് പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ഭഗവാന് ആറാട്ടുഉത്സവം നടക്കുമെന്ന പ്രതീക്ഷയിൽ ഭക്തർ കാത്തുനിൽപ്പുണ്ടായിരുന്നു. എല്ലാവർഷം പെരിയാറിൽ ജലമുയർന്ന് ക്ഷേത്രത്തിലെ സ്വയംഭൂവിഗ്രഹം മുങ്ങുമ്പോഴാണ് ഇവിടെ ആറാട്ടുത്സവം നടക്കുന്നത്.
അതേസമയം, പെരിയാറിൽ ജലനിരപ്പ് കൂടുതലായി ഉയരുന്നത് തീരദേശവാസികളെ ആശങ്കയിലാക്കുകയാണ്. തീരപ്രദേശങ്ങളിലെ ഏക്കർകണക്കിന് കൃഷി ഭൂമി ഇതിനകം വെള്ളത്തിലായിട്ടുണ്ട്. പെരിയാറിൽ ചെളിയുടെ അംശവും ഏറുന്നു. ഇന്നലെ 90 എൻ.ടി.യു. വരെയെത്തി. ബുധനാഴ്ച ഇത് 75 എൻ.ടി.യു. വരെയെത്തിയിരുന്നു. പെരിയാറിൽ ജലനിരപ്പ് രണ്ട് മീറ്റർ ഉയർന്നു. ചെളിയുടെ അംശം കൂടിയെങ്കിലും ആവശ്യമുള്ള ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആലുവ ജലശുദ്ധീകരണ ശാലയ്ക്ക് കഴിഞ്ഞു.