കൊച്ചി: മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കമ്മിഷന്റെ ഉപഹാരം ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ ഡോക്ടർക്ക് കൈമാറി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടൻതന്നെ വനിതാ കമ്മിഷൻ അധ്യക്ഷ ഡോക്ടറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. രക്തബന്ധം പോലുമില്ലാതിരുന്നിട്ടും കൊവിഡിന് ഇരയായ രക്ഷിതാക്കളുടെ കുഞ്ഞിനെ നോക്കാൻ തയാറായ ഡോക്ടറിനെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമായതിനാലും കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നതിനാലും ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഡോ. അനിത പറഞ്ഞു.
ഡോക്ടറുടെ ഭർത്താവ് അഡ്വ. സാബു തൊഴുപ്പാടൻ, മക്കളായ മനാസേ, നിമ്രോദ്, മൗഷ്മി എന്നിവരും സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ഡോ.മേരി ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കൊച്ചിയിൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്‌മെന്റ് എന്ന പ്രസ്ഥാനം നടത്തുന്നുണ്ട്. കമ്മിഷൻ അംഗം അഡ്വ ഷിജി ശിവജി, മായാദേവി, അഡ്വ. കെ.ഡി.വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.