കൊച്ചി: സംസ്ഥാന സഹ.ബാങ്കിന്റെ പേര് മുൻകൂർ അനുമതിയില്ലാതെ കേരള ബാങ്ക് എന്നാക്കി മാറ്റിയത് ചോദ്യം ചെയ്തും പ്രവർത്തനം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയും സമർപ്പിച്ച ഹർജിയിൽ റിസർവ് ബാങ്കിനോടും ബന്ധപ്പെട്ട അധികൃതരോടും ഹൈക്കോടതി വിശദീകരണം തേടി. തൃശൂർ ജില്ലാ സഹ. ബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്ന ചാലക്കുടി സ്വദേശി ഒ.എസ്. ചന്ദ്രൻ, തൃശൂർ സ്വദേശി കെ.ജി. അരവിന്ദാക്ഷൻ എന്നിവരാണ് ഹർജിക്കാർ.
പേരുമാറ്റാൻ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ലഭിച്ചിരുന്നില്ല. കേരളബാങ്കിന്റെ രൂപീകരണത്തിന് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ പൂർത്തിയാക്കിയിട്ടില്ല. ജൂൺമുതൽ ബാങ്ക് നിലവിൽവന്നെന്നാണ് സർക്കാരിന്റെ അവകാശവാദം. ലൈസൻസ് നൽകുകയോ ജില്ലാ സഹ.ബാങ്കുകളുടെ ലൈസൻസ് സംസ്ഥാന സഹ.ബാങ്കിന് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.