കൊച്ചി: കൊച്ചി കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്ക് ഇനി കേന്ദ്ര സർക്കാർ റാങ്ക് നിശ്ചയിക്കും. നടപ്പു സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നൽകുന്നത്. പദ്ധതി തുകയുടെ വിനിയോഗവും അത് ജനങ്ങൾക്ക് എത്രമാത്രം ഉപകാരപ്പെട്ടുവെന്നതിന്റെയും അടിസ്ഥാനത്തിൽ നക്ഷത്ര ചിഹ്നം നൽകും. ഇതനുസരിച്ചാവും വരും വർഷങ്ങളിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ കോർപ്പറേഷന് ഫണ്ട് നിശ്ചയിക്കുന്നത്. 2019 -20 ൽ ധനകാര്യ കമ്മീഷൻ ഗ്രാന്റായി അനുവദിച്ച 64.42 കോടി രൂപയിൽ 21.60 കോടി കോർപ്പറേഷൻ പാഴാക്കിയിരുന്നു.

സമീപ പ്രദേശങ്ങളെയും സംരക്ഷിക്കണം

നടപ്പു സാമ്പത്തിക വർഷത്തിനൊപ്പം 15ാം ധനകാര്യ കമ്മീഷനും തുടക്കമായി.

അഞ്ചു വർഷമാണ് ഒരു കമ്മിഷന്റെ കാലാവധി. പുതുക്കിയ ബഡ്‌ജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വിഹിതമായി 84 കോടിയും 15ാം ധനകാര്യ കമ്മിഷൻ ഗ്രാന്റായി 59 കോടിയും കോർപ്പറേഷന് ലഭിക്കും.കുടിവെള്ളം, മാലിന്യസംസ്കരണം, ശുചിത്വ പദ്ധതികൾക്കായി 59 കോടിയും വിനിയോഗിക്കണമെന്നാണ് കേന്ദ്ര നിർദേശം.

10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള പ്രദേശങ്ങളെ നഗര സഞ്ചയങ്ങൾ എന്ന രീതിയിൽ പരിഗണിക്കുന്നതിൽ കേന്ദ്രസർക്കാർ ഇത്തവണ കോർപ്പറേഷനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തോടു ചേർന്നു കിടക്കുന്ന മുനിസിപ്പാലിറ്റികളുടെ വികസന ആവശ്യങ്ങൾക്കായി 59 കോടിയിൽ നിന്ന് 23.14 ലക്ഷം രൂപ ചെലവഴിക്കേണ്ടതാണ്

അഞ്ച് മുനിസിപ്പാലിറ്റികൾ മാലിന്യ സംസ്കരണത്തിനായി ബ്രഹ്മപുരം പ്ളാന്റിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ അവരുടെ അനുമതിയോടെ പ്ളാന്റ് വിപുലീകരണത്തിനും സെപ്റ്റേജ് പ്ളാന്റ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി 23.14 ലക്ഷം രൂപ പ്രയോജനപ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം. വാട്ടർ അതോറിറ്റിയുമായി ചേർന്ന് പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ഈ തുക വിനിയോഗിക്കും

# കൗൺസിൽ അംഗീകരിച്ചു

15ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റുമായി ബന്ധപ്പെട്ട ഭേദഗതികൾക്ക് ഇന്നലെ നടന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. അതേസമയം കൊവിഡ് സമയത്ത് യോഗം വിളിച്ചു ചേർത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് വിട്ടുനിന്നു. വാർഷിക പദ്ധതികൾ ഭേദഗതി ചെയ്ത് ആഗസ്റ്റ് പത്തിനകം പൂർത്തിയാക്കി ജില്ല ആസൂത്രണ സമിതിക്ക് അയയ്ക്കണമെന്നും ഇല്ലാത്തപക്ഷം തുക ലാപ്സാകുമെന്നുമുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.