ആലുവ: കൊവിഡ് രോഗ വ്യാപന ഭീതിക്കിടെ തീരദേശവാസികൾക്ക് ഇരുട്ടടിയായി വെള്ളപ്പൊക്ക ഭീതിയും. ജില്ലയിൽ കൊവിഡ് രോഗം രൂക്ഷമായ ആലുവ മേഖലയിലെ ജനങ്ങളാണ് മഴ കനക്കുകയും അണക്കെട്ടുകൾ തുറക്കുകയും ചെയ്തതോടെ ഭീതിയിലായത്.വ്യാഴാഴ്ച്ച വൈകിട്ടോടെ ഉയർന്ന പെരിയാറിലെ ജലനിരപ്പ് ഇന്നലെ നേരം പുലർന്നപ്പോഴേക്കും മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിന്റെ മേൽകൂര വരെയെത്തി. എന്നാൽ ഇന്നലെ പകൽ സമയം ആലുവ മേഖലയിൽ ശക്തമായ മഴയുണ്ടായെങ്കിലും പെരിയാറിലെ ജലനിരപ്പ് ഒരടിയോളം താഴുകയായിരുന്നു. വൈകിട്ട് മണപ്പുറം ക്ഷേത്രത്തിലെ മേൽകൂരയിൽ നിന്നും വെള്ളം താഴേക്കിറങ്ങി. എങ്കിലും പെരിയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷികളെല്ലാം വെള്ളത്തിലാണ്. മാത്രമല്ല, തോടും കനാലുകളും നിറഞ്ഞതോടെ പാടശേഖരങ്ങളിലും വെള്ളമുയർന്നു. പല റോഡുകളും വെള്ളത്തിലാണ്.
#മഴയാരംഭിക്കും മുമ്പേ വാടക വീടുതേടിയവരെ കൊവിഡ് കുടുക്കി
2018ലെ മഹാപ്രളയവും കഴിഞ്ഞ വർഷത്തെ പ്രളയവും ബാധിച്ചവരാണ് ഇക്കുറിയും കടുത്ത ആശങ്കയിലായത്. കഴിഞ്ഞ രണ്ട് വർഷമുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ താമസിക്കാൻ വാടക വീടുതേടിയവരെ കൊവിഡ് കുടുക്കുകയായിരുന്നു. കൊവിഡ് സംസ്ഥാനത്ത് രൂക്ഷമാകുന്നതിന് മുമ്പാണ് മുൻ വർഷങ്ങളിലെ പ്രളയബാധിതർ വാടക വീടുകൾക്കായുള്ള അന്വേഷണം ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗണും കർഫ്യൂവും എല്ലാം നിശ്ചലമാക്കി.
ഇക്കുറി കാലവർഷം തകർത്തുപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെയാണ് തീരദേശവാസികൾ ഉയർന്ന പ്രദേശത്തെ വാടക വീടുകൾ തേടിതുടങ്ങിയത്.
#ഫലപ്രദമാകാതെ നടപടികൾ
സർക്കാരും ജില്ലാ ഭരണകൂടവുമെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ നന്ദികളിലെ നീരൊഴുക്ക് സുഗമാക്കാനുള്ള ജോലികളൊന്നും ഫലപ്രദമായി നടന്നിട്ടില്ല. പ്രതിഷേധത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും ഭാരിച്ച പണിയുടെ ഉത്തരവാദിത്വം അവർ ഏറ്റെടുത്തതുമില്ല.