anikkattukudi

മൂവാറ്റുപുഴ: കാലവർഷം കനത്തതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ മുതൽ മൂവാറ്റുപുഴയാറിൽ നീരൊഴുക്ക് കൂടിയതോടെയാണ് മൂവാറ്റുപുഴയിലെ വെള്ളപ്പൊക്ക ഭീഷണിയിലായത്. വ്യാഴാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലും കനത്തമഴയും കാളിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതും ദുരിതം വർദ്ധിപ്പിക്കുന്നു.

#ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഇലാഹിയ നഗർ, കടാതി, ആനിക്കാക്കുടി കോളനി പ്രദേശങ്ങളിൽ വീടുകളിലേയ്ക്ക് വെള്ളം കയറാനുള്ള സാദ്ധ്യത ഏറിയതോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗൺ വാഴപ്പിള്ളി ജെ.ബി.സ്കൂളിലും , കടാതി എൻ.എസ്.എസ് ഹാളിലും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എട്ട് കുടുംബങ്ങൾ ഇവിടെയുണ്ട്. നൂറ് കുടുംബങ്ങളോളം മാറി താമസിക്കുന്നുണ്ട്. കൊവിഡ് 19-നെ ഭയന്ന് കൂടുതൽ പേരും സ്വന്തക്കാരുടെ വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.

# കൺട്രോൾ റൂം തുറന്നു

മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളായ ഇലാഹിയ കോളനി, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, സ്റ്റേഡിയം അടക്കമുള്ള സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയിലെ ചെറുതും വലുതുമായ തോടുകളെല്ലാം കരകവിഞ്ഞൊഴുകുന്നു. കാലവർഷം കനത്തതോടെ മൂവാറ്റുപുഴ താലൂക്കിൽ കാലവർഷക്കെടുതി, പ്രകൃതിദുരന്തം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടുന്നതിനായി താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. ഫോൺ: 0485 2813773

#ജാഗ്രതാ നിർദേശം

മലങ്കരഡാമിലെ ജലനിരപ്പ് 39.98 അടി യാണ് നിലവിലുള്ളത്. 5 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തിയതുമൂലം മൂവാറ്റുപുഴ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരും. ഇതുമൂലം ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാനായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് താലൂക്ക് ഓഫീസിൽ പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

# ഇലാഹിയ നഗറിലും ആനിക്കാക്കുടി കോളനിയിലും വെള്ളം കയറി

# എട്ട് കുടുംബങ്ങൾ ക്യാമ്പിൽ

# നൂറ് കുടുംബങ്ങൾ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി

# ദുരിതാശ്വാസ ക്യാമ്പുകൾ

വാഴപ്പിള്ളി ജെ.ബി.സ്ക്കൂൾ

കടാതി എൻ.എസ്.എസ് ഹാൾ