smart-india
Smart India

കാലടി: പ്രധാനമന്ത്രി യുവാക്കളുടെ അതിനൂതന ആശയങ്ങളുടെ ആവിഷ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തിൽ നടത്തി വരുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഈ വർഷത്തെ ഫൈനൽ മത്സരത്തിന്റെ ഭാഗമായി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. സിക്കിമിലെ സ്‌കൂളുകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൈനംദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള സോഫ്റ്റ്‌വെയർ ആദിശങ്കരയിലെ വിദ്യാർത്ഥികളായ ജഗന്നാഥ് ഭട്ട്, പി അഭിജിത്, മറീന കുഞ്ഞച്ചൻ, ആഗനേയൻ നമ്പൂതിരി, ബെനിസൻ സെബാസ്റ്റ്യൻ, ജോർജ് മെനീസ് എന്നിവർ ചേർന്ന് വികസിപ്പിച്ചിരുന്നു. സിക്കിമിലെ മലയോര പ്രദേശങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റിന്റെ ലഭ്യതക്കുറവിന് ഒരു പരിഹാരമാണ് ഈ സോഫ്റ്റ്‌വെയർ. അദ്ധ്യാപകർക്കും കുട്ടികൾക്കും കൂടുതൽ ഡാറ്റാസ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം പഞ്ചായത്ത്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകൾക്ക് കൂടി പ്രയോജനപ്രദമായ രീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താവുന്നതാണെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തിലെ യുവാക്കൾ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിലെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നത് ഭാരതത്തിന്റെ ശക്തിയാണ് വെളിവാക്കുന്നതെന്നും 'ഏക ഭാരതം, ശ്രേഷ്ഠഭാരതം' എന്ന തത്ത്വത്തിന് ഇത് ഒരു ഉത്തമ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രൊഫ: അജയ് ബേസിൽ വർഗീസിന്റെ നേതൃത്വത്തിലാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. മാനേജർ ജി.ആനന്ദ്, സി.പി.ഒ പ്രൊഫ: സി.പി.ജയശങ്കർ എന്നിവർ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.