1

 കാക്കനാട് മാർ അത്തനേഷ്യസിൽ ക്യാമ്പ് തുറന്നു


തൃക്കാക്കര : മഴ കനത്തതോടെ മണ്ണിടിയാൽ അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ ഭീതിയിൽ. മൂന്ന് ദിവസത്തിനിടെ ആറോളം തവണയയാണ് സമീപത്തെ കുന്നിന്റെ ഭാഗങ്ങൾ ഇടിഞ്ഞു വീണത്. മഴശക്തമായതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വിവരം അറിഞ്ഞ് തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ ഉഷ പ്രവീൺ,സെക്രട്ടറി ഷിബു പി.എസ് എന്നിവരുടെ നിർദേശത്തെ തുടർന്ന് റവന്യൂ ഇൻസ്‌പെക്ടർ പ്രകാശൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുധിയും സ്ഥലത്തെത്തി. പ്രദേശത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുളള ശ്രമം ആരംഭിച്ചതോടെ പ്രതിക്ഷേധവുമായി കുടുംബങ്ങൾ രംഗത്തെത്തി. തുടർന്ന് തഹസിൽദാർ ബീന പി ആനന്ദ് ,കാക്കനാട് വില്ലജ് ഓഫീസർ ബെന്നി,തൃക്കാക്കര സി.ഐ ഷാബു, എന്നിവർ സ്ഥലത്തെത്തി കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി.

വാർഡ് കൗൺസിലർ എം.ടി ഓമനയുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ കുടുംബങ്ങളെ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

എങ്ങും വെള്ളക്കെട്ട്

ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴയിൽ ഇടച്ചിറയിൽ നെസ്റ്റിന് സമീപം ഇരുപതടിയോളം ഉയരമുള്ള കോൺക്രീറ്റ് കോമ്പൗണ്ട് വാൾ തെന്നി മറിഞ്ഞു. വാണാചിറ, മുണ്ടംപാലം, റെക്കാവാലി ബി.എം നഗർ മരോട്ടിച്ചുവട് തോപ്പിൽ, എൻ.ജി.ഒ ക്വോട്ടേഴ്‌സ് തുടങ്ങി പത്തോളം വാർഡുകളിലെ അൻപതോളം വീടുകളിൽ വെള്ളം കയറി. കാക്കനാട് പ്രദേശത്തെ ഭൂരിഭാഗം ഫ്ലാറ്റുകളിലും വെള്ളക്കെട്ടിലായി. തൃക്കാക്കര എൻ.ജി.ഒ ക്വോർട്ടേഴ്‌സ്, തൈക്കുടം റോഡിനു സമീപം എട്ടോളം വീടുകൾ വെള്ളക്കെട്ടിലായി.വാഴക്കാല, ചെമ്പ്മുക്ക്,മരോട്ടിചുവട് പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലായി. കാക്കനാട് വിവിധ പ്രദേശങ്ങളിലായി അഞ്ചു സ്ഥലങ്ങളിൽ മരം വീണു,

ചുവപ്പ് നാടയിൽ

പതിറ്റാണ്ടുകളായി തീരാ ദുരിതത്തിലാണ് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ.ഒരു തവണയും വർഷകാലം വരുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട ഗതികേടിലാണ് ഇവർ. പ്രദേശത്തെ കുടുംബങ്ങളെ അത്താണിയിൽ പാറമടയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലായി റവന്യൂ വകുപ്പിന്റെ കൈയിലുള്ള അമ്പത്സെന്റെ സ്ഥലത്തേക്ക് മാറ്റാമെന്ന ജില്ലാ ഭരണ കൂടത്തിന്റെ ഉറപ്പ് നൽകിയിരുന്നെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങി.