കൊച്ചി: പെരിയാറിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം കാലടിഭാഗത്ത് അടിഞ്ഞു. കാലടി ഫോറസ്റ്റ് റേഞ്ചിലെ മഹാഗണിത്തോട്ടത്തിന് സമീപം നദിയുടെ മദ്ധ്യഭാഗത്തുള്ള തുരുത്തിലാണ് ജഡം തങ്ങിനിൽക്കുന്നത്.ശക്തമായ ഒഴുക്കുകാരണം തുടർനടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല.
വ്യാഴാഴ്ച പകൽ നേര്യമംഗലം വനമേഖലയിലെ ദേവിയാർ പുഴയിലൂടെ കാട്ടാന മറുകരയ്ക്ക് പോകാൻ ശ്രമിക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. വൈകിട്ട് 5 മണിയോടെ മണിയൻപാറ ഭാഗത്ത് ആന ഒഴുകിപ്പോകുന്നതാണ് പിന്നീട് കണ്ടത്. പെരിയാറിന്റെ തീരങ്ങളിൽ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. അടിയന്തര ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങൾ വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നു.
വൈകിട്ട് 6 മണിയോടെ നേര്യമംഗലം പാലത്തിനടിയിലൂടെ കടന്നുപോയ ആനയുടെ ജഡം രാത്രി 9 ന് ഭൂതത്താൻകെട്ട് ഭാഗത്ത് കണ്ടെങ്കിലും അപ്രത്യക്ഷമായി. ഇന്നലെ തെരച്ചിൽ നടത്തവേയാണ് ഉച്ചയോടെ കാലടിഭാഗത്ത് കണ്ടെത്തിയത്. നീരൊഴുക്ക് കുറഞ്ഞാൽ ജഡം കരയ്ക്കെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്ത് സംസ്കരിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അശോക്‌രാജ് പറഞ്ഞു.