കാലടി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കാലടി മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിൽ മൂന്ന് മീറ്റർ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാഞ്ഞൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ചെങ്ങൽ വട്ടത്തറയിൽ നാല് വീടുകളിൽ വെള്ളം കയറി. പുലർച്ചെ രണ്ട് മണിയോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോടിലൂടെ ഒഴുകിയെത്തിയ വെള്ളം ഇവിടെത്തെ നാല് വീടുകളെെ വെള്ളത്തിനടിയിലാക്കി. വടയാടപാടത്തു വീട്ടിൽ സിദ്ധിഖ്,നൗഷാദ്,അഷറഫ്, അൻവർ ഇവരുടെ വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധുക്കളുടെ വീടുകളിലേക്ക് രാത്രി തന്നെ മാറ്റി പാർപ്പിച്ചു.തഹസിൽദാർ ,പഞ്ചായത്ത് പ്രസിഡന്റ് എം പി ലോനപ്പൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അശോകൻ ,സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി ബിനോയ് ,പഞ്ചായത്തംഗം ആൽബിൻ ആന്റണി എന്നിവർ സ്ഥലം സന്ദർശിച്ചു .
#സ്കൂളിൽ ക്യാമ്പ് തുറന്നു
കാലടി പഞ്ചായത്തിലെ വാർഡ് അഞ്ച് തോട്ടകം പ്രിയദർശിനി കോളേജിലെ പത്തോളം കുടുംബങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മാണിക്കമംഗലം എൻ.എസ്.എസ് സ്കൂളിലേക്ക് മാറ്റി പാറിപ്പിച്ചു.ഇവർക്കാവശ്യമായ ഭക്ഷണ വിതരണം കാലടി പഞ്ചായത്തിൽ നിന്നും നൽകുന്നുണ്ട്. പ്രസിഡന്റ് കെ.തുളസി, ബിജു മാണിക്കമംഗലം, സ്മിന ഷൈജു, എംകെ വിജയൻ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലയാറ്റൂർ പഞ്ചാത്തിലെ താഴ്ന്ന് പ്രദേശങ്ങളായ കളമ്പാട്ടുപുരം, ഗോതമ്പ് റോഡ്, പള്ളു പേട്ട, ചമ്മിനി, വെള്ളം കയറിതുടങ്ങിയിട്ടും യാതൊരു നടപടിയും അധികാരികൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.