covid

കൊച്ചി: കൊവിഡ് രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ പൊതുസ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചു. കാറ്റഗറി സിയിൽ ഉൾപ്പെട്ട ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ തയ്യാറെടുക്കണം. സ്വകാര്യ ആശുപത്രി ഉടമസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കൊവിഡ് രോഗം സ്ഥിരീകരിച്ച മറ്റ് രോഗങ്ങളില്ലാത്തവർക്ക് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സൗകര്യങ്ങൾ ഉപയോഗിക്കാം. എന്നാൽ മറ്റ് രോഗബാധിതരായി ആശുപത്രിയിൽ എത്തി കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്ന കാറ്റഗറി ബി വിഭാഗത്തിലുള്ളവർക്കും കാറ്റഗറി സി യിൽ ഉൾപ്പെട്ട രോഗികളെയും ഉൾക്കൊള്ളുന്നതിനായി സ്വകാര്യ ആശുപത്രികൾ തയ്യാറെടുക്കണം.
സ്വകാര്യ ആശുപത്രികൾ സൗകര്യങ്ങൾക്ക് അനുസൃതമായി കൊവിഡ് രോഗികൾക്കായി ഐ.സി.യു സംവിധാനങ്ങൾ ഒരുക്കണം. ഒരു ആംബുലൻസും കൊവിഡ് രോഗികൾക്കായി കരുതണം. രോഗബാധിതരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് മുൻപ് ജില്ലാ കൺട്രോൾ റൂമിൽ വിവരം നൽകണം. കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുത്ത പി.വി.എസ് ആശുപത്രിയിൽ മറ്റ് ആശുപത്രികളിൽ നിന്നുള്ള നഴ്‌സുമാർ ഉൾപ്പെടെ വിവിധ മെഡിക്കൽ വിഭാഗം ജീവനക്കാരെ ആവശ്യമുണ്ട്. പി.വി.എസ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സഹായിക്കുമെന്നും യോഗം വിലയിരുത്തി.