aluva
പെരി​യാർ ഇന്നലെ നി​റഞ്ഞൊഴുകുന്നു. ആലുവ ശി​വക്ഷേത്രം മുങ്ങി​യ നി​ലയി​ൽ

കൊച്ചി: കാലവർഷം കലിതുള്ളിയതോടെ പെരിയാർ തീരവാസികളുടെ ആശങ്ക വർദ്ധിച്ചു. ആലുവയും ഏലൂരുമുൾപ്പെടെ താഴ്ന്നപ്രദേശങ്ങളിൽ നദി കരകവിഞ്ഞത് പ്രളയഭീതി വർദ്ധിപ്പിക്കുകയാണ്. 2018 ലെയും 19 ലെയും ദുരന്തങ്ങളുടെ നടുക്കുന്ന ഓർമകളാണ് പലരുടേയും ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇത്തവണ സ്ഥിതി അത്രയും ഗുരുതരമല്ലെങ്കിലും കാലവർഷം ശക്തിപ്രാപിക്കുന്നതിനൊപ്പം കൊവിഡ് വ്യാപനവുമുണ്ടാകുമോയെന്ന ഭീതിയാണ് ആളുകൾക്ക് . വീടുകളിൽ വെള്ളം കയറിയാൽ മുൻകാലങ്ങളിലെപ്പോലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് പോകാനും ആളുകൾക്ക് ഭയമാണ്.

ഏലൂർ നഗരസഭയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം ചിറാക്കുഴിയിലും പാലറ ഭാഗത്തും നദികരകവിഞ്ഞതുകാരണം നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതിൽ പാലറ ഭാഗത്തെ അമ്പതോളം വീട്ടുകാരെ മുപ്പത്തടം ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചിറാക്കുഴിയിൽ വെള്ളം കയറിയസ്ഥലത്തെ താമസക്കാർ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.