കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ചെക്ക് പോസ്റ്റ് കടന്ന് ഒളിവിൽ പോകാൻ കഴിഞ്ഞത് പൊലീസിലുള്ള ഉന്നത സ്വാധീനം നിമിത്തമാണെന്ന് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസിന്റെ അഭിഭാഷകൻ അഡി. സി.ജെ.എം കോടതിയിൽ പറഞ്ഞു.
. ചെക്ക് പോസ്റ്റിൽ സ്വന്തം പേര്പറഞ്ഞാണ് സ്വപ്ന കടന്നുപോയത്. കൊവിഡ് കാലത്ത് ചികിത്സയ്ക്ക് വരുന്നവരെപ്പോലും ചെക്ക് പോസ്റ്റിൽ തടഞ്ഞുനിറുത്തി പരിശോധിച്ചിരുന്നു. ഉന്നത പൊലീസ് സ്വാധീനമുള്ളതിനാൽ ചെക്ക് പോസ്റ്റിൽ പിടിക്കപ്പെടില്ലെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നെന്നും കസ്റ്റംസിന്റെ അഭിഭാഷകൻ വാദിച്ചു.എന്നാൽ, ഒരു മാസത്തോളം അന്വേഷിച്ചിട്ടും സ്വപ്നയ്ക്കെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് ജാമ്യാപേക്ഷ 12 ന് വിധി പറയാൻ മാറ്റി.
സ്വപ്നയുടെ
ചോദ്യം
യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ എനിക്ക് സ്വാധീനമുണ്ടാവുന്നത് സ്വാഭാവികം. എന്തു തെറ്റാണ് ഇതിലുള്ളത് ? പൊലീസിൽ എനിക്ക് സ്വാധീനമുണ്ടെന്ന് പറയുന്നു. കസ്റ്റംസിന്റെ അന്വേഷണത്തെ അതുകൊണ്ട് എങ്ങനെ സ്വാധീനിക്കാനാവും ?
കസ്റ്റംസിന്റെ
മറുപടി
കുറ്റവാളിയല്ലെങ്കിൽ ഒളിവിൽ പോയതെന്തിന് ? സ്വപ്നയുടെ കുറ്റസമ്മത മൊഴി മാത്രമല്ല സന്ദീപ് നായരുടെ ഭാര്യ സൗമ്യയും സ്വപ്നയ്ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ബാഗിൽ സ്വർണ്ണമുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് കസ്റ്റംസ് പിടികൂടിയ ബാഗ് തിരിച്ചയക്കാൻ നീക്കങ്ങൾ നടത്തിയത്. രാത്രി ഒരു മണിക്ക് സ്വപ്‌നയുടെ ഫ്ളാറ്റിൽ പ്രതികൾ ഒത്തുചേർന്നത് സ്വർണ്ണക്കടത്തിന്റെ ഗൂഢാലോചനയ്ക്കു വേണ്ടിയാണ്. കൊവിഡ് ചർച്ചയ്ക്കോ, പ്രാർത്ഥനയ്ക്കോ അല്ല. രാത്രി കാലങ്ങളിൽ ഒരുന്നത ഉദ്യോഗസ്ഥനും ഫ്ളാറ്റിൽ വന്നിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ കേസിനെ ബാധിക്കും.