# ജില്ലയിൽ ഓറഞ്ച് അലർട്ട്
കൊച്ചി: മഴ ശക്തിപ്രാപിച്ചതോടെ രണ്ടാംദിനവും ജില്ലയിൽ തീരപ്രദേശങ്ങളും മലയോര മേഖലകളും പ്രളയഭീതിയിൽ. ചെല്ലാനം, വൈപ്പിൻ, സൗദി, ഫോർട്ടുകൊച്ചി മേഖലകളിൽ കടൽകയറ്റം രൂക്ഷമായി തുടരുന്നു. കോതമംഗലം, മൂവാറ്റുപുഴ, ആലുവ, പറവൂർ മേഖലകളിൽ മഴ തുടരുകയാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളംകയറിത്തുടങ്ങി.
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും കളക്ടറേറ്റിലും ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങി.
# 16 ക്യാമ്പുകളിലായി 475 പേർ
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. 16 ക്യാമ്പുകളിലായി 475 പേരുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്. കടൽകയറ്റം രൂക്ഷമായ ചെല്ലാനം ഉൾപ്പെടുന്ന കൊച്ചി താലൂക്കിൽ രണ്ട് ക്യാമ്പുകളുണ്ട്. 89 കുടുംബങ്ങളിലെ 178പേർ ക്യാമ്പുകളിലുണ്ട്.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിൽ കുന്നുംപുറം വി.വി.എച്ച്.എസ്, എളംകുളം വില്ലേജിൽ കെ.വി. കടവന്ത്ര സ്‌കൂളുകളിൽ ക്യാമ്പുകൾ ആരംഭിക്കും. ചേരാനല്ലൂർ, കടമക്കുടി എന്നിവിടങ്ങളിലും ക്യാമ്പുകൾ തുടങ്ങും. മൂവാറ്റുപുഴ താലൂക്കിൽ ഇന്നലെ മൂന്ന് ക്യാമ്പുകൾ തുറന്നു. 9 കുടുംബങ്ങളിലെ 37 പേർ ക്യാമ്പിലുണ്ട്. പറവൂർ, ആലുവ താലൂക്കുകളിലും രണ്ട് ക്യാമ്പുകൾവീതം തുറന്നു.
ജില്ലയിലെ തുറവൂർ, മഞ്ഞപ്ര, ചൊവ്വര, കാലടി വില്ലേജുകളിൽ കാറ്റിലും മഴയിലും ഏഴ് വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.
# അഞ്ചുതവണ വെള്ളത്തിന്റെ അളവ് പരിശോധിക്കും
ഭൂതത്താൻകെട്ടിലെ എല്ലാ ഷട്ടറുകളും തുറന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ അളവ് സ്ഥിരമായി പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ഇ.ബിയും ജലസേചനവകുപ്പും സംയുക്തമായി ദിവസേന അഞ്ച് തവണയാണ് വെള്ളത്തിന്റെ അളവ് പരിശോധിക്കുന്നത്. പെരിയാറിൽ വെള്ളം ഉയരുന്നതിനനുസരിച്ച് വെള്ളത്തിന്റെ ഒഴുക്ക് ക്രമപ്പെടുത്തും. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിൽ എത്തി. ബന്ധപെട്ട പഞ്ചായത്തുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകി.
# പ്രളയനിരപ്പ് കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 73.53 മി.മീ മഴയാണ് ലഭിച്ചത്. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് പ്രളയനിരപ്പ് കടന്നു. മലങ്കരഡാം തുറക്കുന്ന സാഹചര്യത്തിൽ മുവാറ്റുപുഴയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേവി, പൊലീസ്, ഫയർഫോഴ്‌സ്. ദുരന്തനിവാരണ സേന അടക്കം എല്ലാവരെയും ചേർത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്.