കൊച്ചി: കൊവിഡിന്റെ മറവിൽ റെയിൽവെ, വൈദ്യുതി, കൽക്കരി ഖനനം, പ്രതിരോധ ഉൽപാദനം, ബി.പി.സി.എൽ, ആണവോർജ്ജം, ബഹിരാകാശ ഗവേഷണം തുടങ്ങിയ രംഗങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ദേശീയ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നാളെ രാജ്യവ്യാപകമായി സേവ് ഇന്ത്യ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ തൊഴിലാളികൾ അവരവരുടെ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നതിനും ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ തൊഴിലാളികളും കുടുംബാംഗങ്ങളോടൊത്ത് വീടുകൾക്കോ തൊഴിൽ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തണമെന്ന് യൂണിയൻ അഭ്യർത്ഥിച്ചു.