നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിൽ കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്കായി ആരംഭിച്ച അലുങ്ങൽ കടവ് ഇറിഗേഷൻ പദ്ധതിക്കെതിരെ അഴിമതിയാരോപണം. ഗുണനിലവാമില്ലാത്ത പൈപ്പ് ഉപയോഗിച്ചവർക്കെതിരെയും കൂട്ടുനിന്നവർക്കെതിരെയും വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.
30 വർഷത്തോളം നിശ്ചലമായിരുന്ന പദ്ധതി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് 1.25 ലക്ഷത്തോളം രൂപ കറന്റ് ചാർജ് കുടിശിക തീർത്ത് മൂന്ന് കൊല്ലം മുമ്പാണ് പുനരാരംഭിച്ചത്. 2017ൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുവാൻ 35 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പ് സ്ഥാപിച്ചു. സ്ഥലം എം.എൽ.എ ഇടപെട്ട് 12 ലക്ഷത്തോളം രൂപ ചെലവഴിച്ച് മോട്ടർ വാങ്ങി ട്രയൽ നടത്തിയപ്പോൾ പലയിടങ്ങളിലും പൈപ്പ് വീണ്ടും പൊട്ടി.
#അഴിമതി നടത്തിയതായി ആരോപണം
നാട്ടുകാർ 60,000 രൂപ ചെലവഴിച്ച് പൈപ്പ് വീണ്ടും മാറ്റി.എന്നാൽ പദ്ധതി പൂർണമായും കമ്മീഷൻ ചെയ്യുന്നതിനു മുമ്പ് കരാർ തുകയും സെക്യൂരിറ്റി ഫണ്ടും കരാറുകാരന് വിട്ടുനൽകി. ഇതോടെ കരാറുകാരൻ സ്ഥലം വിട്ടു. ഇറിഗേഷൻ കമ്മിറ്റിയെ അറിയിക്കാതെ ഗുണനിലവാരമില്ലാത്ത ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മോട്ടോറും നടപടിക്രമങ്ങൾ പാലിക്കാതെ വാങ്ങിയതിലൂടെ അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയെന്നാണ് പരാതി.
#ശക്തമായ പ്രക്ഷോഭത്തിലേക്ക്
പദ്ധതിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർപണിക്കർ, ജനറൽ സെക്രട്ടറി വി.വി. ഷൺമുഖൻ എന്നിവർ അറിയിച്ചു.