പെരുമ്പാവൂർ:സംസ്ഥാനത്ത് മഴ കനത്തതോടെ പെരുമ്പാവൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വൻതോതിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പെരിയാർ നദി കവിഞ്ഞൊഴുകുകയാണ്. എന്നാൽ തുടർച്ചയായ മഴ പെയ്യാത്തത് വെള്ളക്കെട്ട് ഒരു പരിധിവരെ കുറയാൻ കാരണമായി.പെരുമ്പാവൂർ നഗരസഭയിലെ സൗത്ത് വല്ലം, വെങ്ങോല പഞ്ചായത്തിലെ പാത്തിപ്പാലം, ഒക്കൽ പഞ്ചായത്തിലെ തുരുത്ത്, കൂവപ്പടി പഞ്ചായത്തിലെ വാച്ചാൽ പാടം ഉൾപ്പെടെയുളള വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം ഉയർന്നിരിക്കുന്നത്. ഇന്നും വരും ദിവസങ്ങളിലും മഴ തുടർന്നാൽ സ്ഥിതി രൂക്ഷമാകും. പ്രളയം സാദ്ധ്യത മുന്നിൽ കണ്ട് പ്രദേശത്തുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മറി തുടങ്ങി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസക്യാമ്പിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. വിവിധ പഞ്ചായത്തുകളിൽ വൻതോതിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുളള ഔദ്യോഗിക കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതെയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. വെളളക്കെട്ട് മൂലം നഗരത്തിലും സമീപപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ദീർഘനേരം വൈദ്യുതി തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ പുനസ്ഥാപിച്ചെങ്കിലും ചിലയിടത്ത് രാത്രി വൈകിയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.