പള്ളുരുത്തി: പെരുമഴയ്ക്കൊപ്പം കടലും കലിതുള്ളിയതോടെ ചെല്ലാന്നം തീരദേശത്തെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. ചെറിയ കടവ്, മാനാശേരി, സൗദി, വാച്ചാക്കൽ, വേളാങ്കണ്ണി, കണ്ണമാലി, ബസാർ തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമുണ്ടായത്. കുടുംബങ്ങളെ സമീപത്തെ സ്കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന പലരുടെയും വീടുകളിൽ വെള്ളം കയറിയത് സ്ഥിതി ഗുരുതരമാക്കി. ഇവരെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രതിനിധികളും ആരോഗ്യ പ്രർത്തകരും ചേർന്ന് സുരക്ഷിത ഇടത്തേക്ക് മാറ്റുകയായിരുന്നു.ഇന്നലെ ഒമ്പത് പേർക്ക് കൂടി ചെല്ലാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഞ്ചായത്തിലെ മൂന്ന് വീടുകൾ തകർന്നു. മത്സ്യതൊഴിലാളി സൗദി പൊന്നു പുരക്കൽ പി.ജെ.ആന്റണി, സഹോദരൻ കുഞ്ഞുമോൻ എന്നിവരുടെ വീടുകൾ പൂർണമായും മാനാശേരി ആറാട്ടുകുളങ്ങര സോളമന്റെ വീട് ഭാഗികമായും തകർന്നു. പലരുടെയും കട്ടിലും കിടക്കയും വീട്ടുപകരണങ്ങളും വെള്ളത്തിൽ ഒലിച്ചുപോയി. മേയർ സൗമിനിജെയിൻ, റവന്യം വകുപ്പ് അധികാരികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ദുരിത ബാധിതർക്ക് 50 കിടക്കകളും തലയണയും നൽകി. അതേസമയം, കടലാക്രമണത്തിൽ നിന്നും വരും തലമുറയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം സെന്റ്.മേരീസ് ഹൈസ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ലില്ലി ടീച്ചർ ഇന്നലെ ചെല്ലാനത്തെ സ്വന്തം വീട്ടിൽ നിരാഹാര സത്യാഗ്രഹം നടത്തി. രാവിലെ മുതൽ വൈകിട്ടു വരെയായിരുന്നു സമരം. നാളിതുവരെയായിട്ടും കടൽഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ അധികാരികൾ കാണിക്കുന്ന അനങ്ങാപ്പാറ നയത്തിൽ പ്രധിഷേധിച്ചായിരുന്നു സത്യാഗ്രഹ സമരം.