ആലുവ: പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യവുമയി റൂറൽ ജില്ലാ പൊലീസ് രംഗത്ത്. വെള്ളം ഉയർന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങി. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെ സമീപസ്ഥങ്ങളായ ക്യാമ്പുകളിലേക്കാണ് മാറ്റിയിട്ടുള്ളത്.
പ്രളയം നേരിടുന്നതിന് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ സ്റ്റേഷനുകളിലും കൺട്രോൾറൂം തുറന്നു. മുൻവർഷത്തെ സാഹചര്യങ്ങൾ പരിശോധിച്ച് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ വെള്ളം കയറാവുന്ന പ്രദേശത്തുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ജനറൽ റിലീഫ് ക്യാമ്പ്, 60 വയസു കഴിഞ്ഞവർക്കുള്ള ക്യാമ്പ്, വീട്ടിൽ നിരീക്ഷണമുള്ളവർക്കുള്ള ക്യാമ്പ്, രോഗലക്ഷണമുള്ളവർക്ക് ക്യാമ്പ് എന്നിങ്ങനെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കോതമംഗലത്തെ സീനിയർ സിറ്റിസൺ ക്യാമ്പിലെത്തി എസ്.പി സ്ഥിതിഗതികൾ വിലയിരുത്തി. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്. ചെറുവള്ളങ്ങൾ, ബോട്ട്, ടോറസ്, ലോറി തുടങ്ങിയവും തയ്യാറാക്കിയിട്ടുണ്ട്.