ആലുവ: കഴിഞ്ഞ രണ്ട് പ്രളയവും ദുരിതം വിതച്ച കുഞ്ഞുണ്ണിക്കര ദ്വീപിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾ സജീവം.പ്രദേശത്ത് വെള്ളം കയറിയാൽ രക്ഷപെടാനുള്ള ഏക മാർഗമായ കമ്പി പാലം യുവജന കൂട്ടായ്മ താത്കാലികമായി സഞ്ചാരയോഗ്യമാക്കി.വ്യാഴാഴ്ച്ച മുതൽ പെരിയാർ കരവിഞ്ഞൊഴുകിയതോടെയാണ് കമ്പിപ്പാലം നവീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.വാർഡിൽ ദുരന്ത നിവാരണ സമിതി ഏഴ് ടീമുകളായി തിരിച്ചാണ് പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് വാർഡ് മെമ്പർ കെ.എ ഷുഹൈബ് പറഞ്ഞു. ക്വാറന്റൈനിൽ ഇരിക്കുന്നവരെ ഉൾപ്പെടെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൃഗങ്ങളേയും, വാഹനങ്ങളും ഉൾപ്പെടെ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ടീമിനു കീഴിൽ സജ്ജമാണ്. വാർഡ് മെമ്പറിന് പുറമെ ദുരന്ത നിവാരണ ടീം അംഗങ്ങളായ എം.ബി. ജലീൽ, റഈസ് ചേന്നാട്ട്, ഇഖ്ബാൽ പള്ളത്ത്, അൻസാരി ചാലിയേലി, ജമാൽ കുഞ്ഞുണ്ണിക്കര എന്നിവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
#കൊവിഡ് കാരണം നിർമ്മാണം മുടങ്ങി
കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്ന പാലത്തിലൂടെയാണ് കഴിഞ്ഞ രണ്ട് പ്രളയത്തിലും ജനങ്ങൾ രക്ഷപ്പെട്ടത്. പാലം നവീകരിക്കുന്നതിന് ഹൈബി ഈഡൻ എം.പിയും തോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ കൽവർട്ട് നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തും ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണായതോടെ നിർമ്മാണം മുടങ്ങി. 2013 ലും 2018 ലും 2019 ലും പ്രദേശം വെള്ളത്തിലായിയിരുന്നു. വെള്ളപ്പൊക്ക ദുരിതങ്ങളിൽ നിന്നും മോചിതരാകും മുന്നേ കൊവിഡ് പ്രദേശത്ത് പടർന്ന് പിടിച്ചു. ഒരു മാസമായി പ്രദേശം കണ്ടെയ്ൻമെന്റ്സോണിലാണ്.