വൈപ്പിൻ: വൈപ്പിൻ തീരത്ത് കടലാക്രമണവും വെള്ളം കയറ്റവും രൂക്ഷമായതോടെ എടവനക്കാട്, ഞാറക്കൽ, നായരമ്പലം മേഖലകളിൽ പലരും ബന്ധുക്കളുടെ വീടുകളിലേക്ക് താമസം മാറ്റി തുടങ്ങി. പടിഞ്ഞാറൻ തീരത്ത് കടൽവെള്ളം കയറുന്നതാണെങ്കിൽ തീരത്തിന്റെ കിഴക്ക് ഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളപൊക്കവും രൂക്ഷമായതോടെ സ്ഥിതി ആശങ്കാജനകമാവുകയാണ്.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യത്തിൽ സ്‌കൂളുകളിലേക്കും മറ്റും ജനങ്ങളെ മാറ്റി പാർപ്പിക്കുമായിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് വ്യാപന ഭീതിയിൽ ജനങ്ങൾ രക്ഷാകേന്ദ്രങ്ങളിലേക്ക് മാറുവാൻ തയ്യാറാവുന്നില്ല. കടൽവെള്ളം അടിച്ചു കയറൽ, തോരാത്ത മഴ , ശക്തമായ കാറ്റ് എന്നിവ ഒന്നിച്ചുവന്നതാണ് സ്ഥിതി വഷളാക്കിയത്. ഈ സ്ഥിതി തുടർന്നാൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഞാറക്കൽ, നായരമ്പലം, എടവനക്കാട് അണിയൽ, പഴങ്ങാട്, കൂട്ടുങ്കൽ ചിറ കടപ്പുറം, പള്ളിപ്പുറം ആറാട്ട് കടവ് കടപ്പുറം എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കയറുന്നത്. കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ കൂടിയാണ് കടൽ ഇരച്ചു കയറുന്നത്. മുന്നൂറോളം വീടുകൾക്കാണ് ഇവിടെ ഭീഷണി. മുനമ്പം വേളാങ്കണ്ണി കടപ്പുറത്തും വെള്ളം കയറുന്നുണ്ട്. നായരമ്പലം പുത്തൻ കടപ്പുറത്ത് സെന്റ് ആന്റണീസ് പള്ളിയുടെ സമീപം നൂറ് മീറ്ററോളം കടൽഭിത്തി തകർന്നു കിടക്കുകയാണ്. ഇതിലൂടെ വെള്ളം കയറി റോഡും കടന്ന് നാന്നൂറോളം വീടുകളിലേക്കാണ് ഒഴുകുന്നുത്.