വൈപ്പിൻ: കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മീൻ പിടിക്കാൻ കടലിൽ പോകാതിരിക്കുമ്പോൾ അന്യസംസ്ഥാന ബോട്ടുകൾ കേരള തീരത്ത് ട്രോളിംഗ് നടത്തുന്നതായി മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധനപ്രവർത്തക സംഘം.

തമിഴ്‌നാടിലെ കന്യാകുമാരി കുളച്ചൽ മേഖലയിൽ നിന്നുള്ള വലിയ മീൻ പിടുത്ത ബോട്ടുകളാണ് കേരളത്തിലെ വിലക്ക് ലംഘിച്ച് മീൻ പിടിച്ചു മടങ്ങുന്നത്. ഇത് തടയാൻ കോസ്റ്റ് ഗാർഡും മറൈൻ എൻ ഫോഴ്‌സ്‌മെന്റും രംഗത്ത് വരണമെന്ന് സംഘം ആവശ്യപ്പെട്ടു. കേരളത്തിലെ മത്സ്യതൊഴിലാളികൾ ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും കൊവിഡ് നിയന്ത്രണങ്ങളുടെയും കാലാവസ്ഥ മുന്നറിയിപ്പുകളുടേയും പേരിൽ കടലിൽ പോകുന്നില്ല. ഇപ്പോൾ തുടങ്ങുന്ന സീസണിൽ ബോട്ടുടമകൾ വൻ തുക ചെലവാക്കിയാണ് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ എത്തിച്ച് ക്വാറൻൈയിനിൽ ഇരുത്തി കൊവിഡ് ടെസ്റ്റും നടത്തി സജ്ജമാക്കിയിരിക്കുന്നത്. ഇതിനിടയിലാണ് തീരത്ത് അന്യസംസ്ഥാനബോട്ടുകൾ എത്തുന്നത്.