police-ch

കോലഞ്ചേരി:കൊവിഡും, തോരാമഴയും ജന ജീവിതം ദുസഹമാകുന്നതിനിടയിൽ നടു റോഡിൽ പൊലീസിന്റെ പെറ്റിക്കേസ് പിഴിച്ചിൽ. പെറ്റിക്കേസിനു ടാർജറ്റു നൽകിയാണ് ഉദ്യോഗസ്ഥരെ റോഡിലിറക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ, ക്വാറന്റൈയിൻ രോഗികൾ, സമ്പർക്ക പട്ടിക തയ്യാറാക്കൽ തുടങ്ങി കൂട്ടിയാൽ കൂടാത്ത പണി ഓരോ സ്റ്റേഷനുകളിലേയും ഉദ്യോഗസ്ഥർക്ക് കൂടുതലുള്ളപ്പോഴാണ് നാട്ടുകാരെ വെറുപ്പിക്കുന്ന പെറ്റി പിഴിച്ചിൽ കൂടി നടത്തേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നല്ല ഇടപെടലുകൾ നടത്തി നാട്ടുകാരിൽ നല്ലൊരു പങ്കും പൊലീസുമായി നല്ല സഹകരണത്തിൽ പോകുമ്പാഴാണ് ഏവരേയും വെറുപ്പിക്കുന്ന പെറ്റിയടി.

പെറ്റിയിലും ടാർജറ്റ്

റൂറൽ ജില്ലയിൽ ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതിദിനം നൂറു പെറ്റി പിടിക്കണം. കൺ‌ട്രോൾ റൂം വാഹനങ്ങൾ ഒരു പടി കൂടി കടന്ന് 125 ഒപ്പിക്കണം. പ്രതിദിനം മൂന്നു ലക്ഷം പിരിക്കാനാണത്രെ റൂറൽ ജില്ലയ്ക് ടാർജറ്റ് നൽകിയിരിക്കുന്നത്. എത്ര മഴയായാലും ടാർജറ്റ് പൂർത്തിയായില്ലെങ്കിൽ വൈകിട്ടു നടക്കുന്ന സാഠേയിൽ (ഉയർന്ന ഉദ്യോഗസ്ഥർ വയർലെസ് സെറ്റു വഴി നടത്തുന്ന പ്രതിദിന അവലോകനം) കീഴുദ്യോഗസ്ഥരെ നിറുത്തി പൊരിക്കും.

ഇതൊഴിവാക്കാൻ സ.ഐ അടക്കം പൊലീസുകാർ നിരത്തിൽ നെട്ടോട്ടമോടുകയാണ്.