ila
ഇല ഊണ് വില്പനയിൽ വിജിയും,ശ്രീജയും

കോലഞ്ചേരി: കൈപ്പുണ്യം കൈമുതലാക്കി വീട്ടമ്മമ്മാരുടെ ഇല ഊണിന് അതിജീവനത്തിന്റെ രുചി. പെരുമ്പാവൂർ എം.സി റോഡിൽ കീഴില്ലത്ത് കുറഞ്ഞ നാൾ കൊണ്ട് ഇല ഊൺ വമ്പൻ ഹിറ്റായി. വളയൻചിറങ്ങര വാരിക്കാട് സ്വദേശികളായ വിജിയും, ശ്രീജയുമാണ് തയ്യൽ തൊഴിലിനെ കൊവിഡെടുത്തപ്പോൾ അതിജീവനത്തിന് ഇലയിൽ ഊണ് വില്പനയ്ക്കിറങ്ങിയത്.

ആറു കറികളും ചോറും,പപ്പടവും കൂട്ടി സുഭിക്ഷമായി കഴിയ്ക്കാൻ അമ്പതു രൂപ നൽകിയാൽ മതി. സ്പെഷ്യൽ വേണ്ടവർക്ക് വറുത്ത മീനുമുണ്ട്. വീട്ടിലെ അടുക്കളയിൽ പാകം ചെയ്ത് ചൂടോടെയാണ് വില്പന.

വാഴയില വാട്ടി പൊതിഞ്ഞ ചോറുണ്ണാനായി എത്തുന്നവരിൽ വാഹന യാത്രക്കാർ മാത്രമല്ല അയൽവാസികൾ കൂടി ഉണ്ടെന്നറിയുമ്പോഴാണ് വീട്ടമ്മമാരുടെ കൈപ്പുണ്യത്തിന്റെ പെരുമയറിയുന്നത്. ഏഴു വർഷത്തോളം പെരുമ്പാവൂരിൽ തയ്യൽ കടയായിരുന്നു വിജിയ്ക്ക്, ശ്രീജ സഹായിയും. അപ്രതീക്ഷിതമായി വന്ന കൊവിഡും, ലോക്ക് ഡൗണും കടയുടെ നിലനില്പ് തകർത്തപ്പോഴാണ് അതിജീവനത്തിന് ഇല ഊണുമായി ഇറങ്ങിയത്.

വിജിയുടെ വീട്ടിലെ അടുക്കളയിലെ പാചകം രാവിലെ അഞ്ചിനു തുടങ്ങും.സഹായിക്കാൻ ശ്രീജയും ഭർത്താവും വിജിയുടെ മകളുമുണ്ട്. പതിനൊന്നിന് എം.സി റോഡിൽ ഇരുപത്തി അഞ്ച് ഊൺ ചൂടാറാപ്പെട്ടിയിലാക്കി എത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ പെട്ടി കാലിയാക്കി തിരിച്ച് വീട്ടിലേയ്ക്ക്.

രണ്ടാഴ്ചയായി കച്ചവടം തുടങ്ങിയിട്ട് അല്ലലില്ലാതെ മുന്നോട്ടു പോകാനാകുന്നുണ്ട്. ഇല ഊണു കഴിച്ചവർ ചെറിയ ചെറിയ ഓർഡറുകളൊക്കെ വീണ്ടും തരുന്നുണ്ട്. തയ്യലൊന്ന് പച്ച പിടിക്കും വരെ ഇതു തന്നെ ജീവിതമാർഗമെന്ന് ഇരുവരും പറയുന്നു.