ppe-kit-

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ പടച്ചട്ടായ പി.പി.ഇ കിറ്റിലും (പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) വ്യാജന്മാർ പിടിമുറുക്കുന്നു. മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തുന്ന മിക്ക കിറ്റുകൾക്കും സംസ്ഥാനത്ത് അനധികൃതമായി നിർമ്മിക്കുന്നവയ്ക്കും ഗുണനിലവാരമില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആരോപണം. നിലവാരം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

പ്രധാനമായും ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്നാണ് കിറ്റുകളെത്തുന്നത്. പക്ഷേ ഇവ പരിശോധിക്കുന്നതിന് നിലവിൽ സംവിധാനങ്ങളൊന്നുമില്ല. ആവശ്യക്കാർ കൂടിയതോടെ ലൈസൻസില്ലാത്ത നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്തും അശാസ്ത്രീയമായി നിലവാരമില്ലാത്ത കിറ്രുകൾ നിർമ്മിക്കുന്നുണ്ട്. കിറ്റ് നിർമ്മാണത്തിന് കേരളത്തിൽ മൂന്ന് സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്, രണ്ടെണ്ണം കോട്ടയത്തും ഒരെണ്ണം എറണാകുളത്തും. ഇവിടങ്ങളിൽ നിർമ്മിക്കുന്നവയ്‌ക്ക് മറ്റുള്ളവയെക്കാൾ വില കൂടുതലുമാണ്. നോൺ ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, ഹൈലി ക്രിട്ടിക്കൽ എന്നിങ്ങനെ മൂന്ന് തരത്തിലാണ് കിറ്റുകൾ നിർമ്മിക്കുന്നത്. ക്രിട്ടിക്കൽ കിറ്റിൽ ലാമിനേഷൻ കോട്ടിംഗ് കൂടി വരുന്നതാണ് ഹൈലി ക്രിട്ടിക്കൽ കിറ്റ്.

 ഒന്ന് പലതാകും

അന്യസംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായെത്തുന്ന കിറ്റുകൾ കേരളത്തിലെത്തിയാൽ പല ബ്രാൻഡുകളാകും. പൊട്ടിച്ചാൽ ഉപയോഗശൂന്യമാകുമെന്നതിനാൽ പരിശോധിക്കാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. വില കുറവായതിനാൽ പലരും ഇതാണ് വാങ്ങുന്നത്. നാട്ടിൽ നിർമ്മിക്കുന്ന കിറ്റുകൾക്ക് 900 രൂപയാണ് ചില്ലറ വില്പന വിലയെങ്കിൽ ഡൽഹി, മുംബയ് കിറ്റുകൾക്ക് 500ൽ താഴെയാണ് വില. പക്ഷേ ക്രിട്ടിക്കൽ കാറ്റഗറിയെന്ന പേരിലുള്ള കിറ്റുകൾക്ക് നോൺ ക്രിട്ടിക്കലിന്റെ ഗുണമേന്മയേ ഉണ്ടാകാറുള്ളൂ.

 പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നവർ

ഡോക്ടർമാർ

നഴ്സുമാർ

ആശുപത്രി ജീവനക്കാർ

ആംബുലൻസ് ഡ്രൈവർമാർ

നാട്ടിലെത്തുന്ന പ്രവാസികൾ

പൊലീസ്

ഫയർഫോഴ്സ്

കിറ്റുകൾ ഇങ്ങനെ

 നോൺ ക്രിട്ടിക്കൽ- ആംബുലൻസ് ഡ്രൈവർമാർ, ക്ലീനിംഗ് തൊഴിലാളികൾ, വിമാനയാത്രക്കാർ

 ക്രിട്ടിക്കൽ- നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ

ഹൈലി ക്രിട്ടിക്കൽ - ഡോക്ടർമാർ, രോഗികളോട് അടുത്തിടപഴകുന്ന നഴ്സുമാർ


'കൃത്യമായ പരിശോധനയ്‌ക്കുള്ള നടപടിയെടുക്കണം. ഗുണനിലവാരമുള്ള പി.പി.ഇ കിറ്റുകൾ എത്തിക്കുന്നതിനൊപ്പം അത് ധരിക്കുന്നതും അഴിക്കുന്നതും പ്രോട്ടോക്കോൾ പാലിച്ചാണെന്നും ഉറപ്പാക്കണം".

- ഡോ. ജുനൈദ് റഹ്മാൻ

മുൻ പ്രസിഡന്റ്, ഐ.എം.എ കൊച്ചി