കൊച്ചി: ചെല്ലാനത്ത് കടൽക്ഷോഭം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ടുകൾ നിർമ്മിക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്ന് കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ) ആവശ്യപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ കടൽക്ഷോഭം ശക്തമാണ്. ഈ മേഖലയിൽ കൊവിഡ് വ്യാപനവുമുണ്ട്. കടലാക്രമണത്താൽ വീടുകളിൽ നിന്ന് മാറേണ്ടിവരുന്നവർക്ക് കൊവിഡ് ഭീതി മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.