61കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി

25 ലക്ഷം പ്രാഥമിക കണക്കിൽ നാശനഷ്ടം


മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കാലവർഷത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയവരും ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശത്തുള്ളവരെയടക്കം 61കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. വെള്ളപൊക്കത്തെ തുടർന്ന് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ 25ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളം ഇറങ്ങുന്നതോടെ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടാനാണ് സാധ്യത. മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളപൊക്ക ഭീഷണി നിലനിൽക്കുകയാണ്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് 90 സെന്റീമീറ്ററാണ് ഉയർത്തി. നിലവിൽ ഡാമിൽ 39.62 ജലമാണുള്ളത്. മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം പുറത്തേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്.എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, തഹസീൽദാർ കെ.എസ്.സതീശൻ, ഡെപ്യൂട്ടി തഹസീൽദാർ വി.എ.ഷംസ് എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.


186 വീടുകളിൽ വെള്ളം കയറി

നിയോജക മണ്ഡലത്തിൽ 186വീടുകളിലാണ് ഇതുവരെ വെള്ളം കയറിയത്. നഗരസഭയിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി, എട്ടങ്ങാടി, ആനിക്കാകുടി കോളനി, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം കൂളുമാരി എന്നിവിടങ്ങളിലാണ് വീടുകളിലാണ് വെള്ളം കയറിയത്.

ക്യാമ്പുകൾ സജ്ജം
വാഴപ്പിള്ളി ജെ.ബി.സ്‌കൂൾ, കടാതി എൻ.എസ്.എസ്.കരയോഗം,പെരുമറ്റം വി.എം.പബ്ലിക് സ്‌കൂൾ, കടവൂർ വി.എച്ച്.എസ്.സി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. വാഴപ്പിള്ളി ജെ.ബി.സ്‌കൂളിലെ 11കുടുംബങ്ങളിൽ നിന്നായി 37 പേരും കടാതി എൻ.എസ്.എസ്.കരയോഗം ഹാളിൽ എട്ട് വീടുകളിൽ നിന്നായി 28പേരുമാണ് ക്യാമ്പിലുള്ളത്. പൈങ്ങോട്ടൂർ പഞ്ചായത്തിലെ മണിപ്പാറയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 24കുടുംബങ്ങളെ കടവൂർ വി.എച്ച്.എസ്.സിയിലേയ്ക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകൾ രാത്രിയിൽ തുറക്കില്ല

മലങ്കര ഡാമിന്റെ ഷട്ടറുകൾ രാത്രിയിൽ ഉയർത്തരുതെന്ന് കാണിച്ച് എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.ഇതേതുടർന്ന് അടിയന്തിര സാഹചര്യത്തിലൊഴിച്ച് ഡാമിന്റെ ഷട്ടറുകൾ രാത്രിയിൽ തുറക്കില്ലന്ന് അറിയിച്ചതായും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.