കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കറുകപ്പള്ളിയിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് കറുകപ്പിളളി യു.പിസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവാറ്റുപുഴയാറിലെ ജന നിരപ്പ് ഉയർന്നതോടെ കോലഞ്ചേരി പരിസര പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി . മഴുവന്നൂർ, പൂതൃക്ക പഞ്ചായത്തുകളിലാണ് റോഡു മുങ്ങിയത്.മഴുവന്നൂർ പഞ്ചായത്തിലെ ഞെരിയാംകുഴി പാടശേഖരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഞെരിയാംകുഴി മാങ്ങാട്ടൂർ റോഡ് വെളളത്തിലായി. അരമനത്താഴം, കോളനി ഉൾപ്പെടുന്ന മണിക്കുന്നേൽ താഴം ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പൂതൃക്ക പഞ്ചായത്തിലെ പുഴയോട് ചേർന്ന് കിടക്കുന്ന കറുകപ്പിളളി,തമ്മാനിമറ്റം, പാലക്കാമറ്റം പ്രദേശങ്ങളിലും വെള്ളം കയറി. പുഴയോട് ചേർന്നുള്ള തമ്മാനിമറ്റം രാമമംഗലം റോഡും മുങ്ങി. പാലക്കാമറ്റം പാടശേഖരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ചീപ്പുംതാഴം റോഡിലും വെള്ളം കയറി.