# നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ
പള്ളുരുത്തി: ശക്തമായ മഴയിലും കടലാക്രമണത്തിലും ചെല്ലാനത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നു. പുത്തൻതോട് കാട്ടുപറമ്പിൽ സിലോഷി, കണ്ണമാലി ഫിഷർമെൻ കോളനിയിൽ അരശേരി വീട്ടിൽ വർഗീസ് എന്നിവരുടെ വീടുകളാണ് കടലെടുത്തത്. ഉയർന്നു വന്ന തിരമാലകൾ കടൽഭിത്തിയും കടന്ന് വീടിന് മീതെ പതിക്കുകയായിരുന്നു.
പത്താം വാർഡായ ഫിഷർമെൻ കോളനിയിൽ മുന്നൂറോളം വീടുകൾ വെള്ളത്തിലാണ്. ചിലർ വീടിന്റെ ടെറസിന്റെ മുകളിലും മറ്റു ചിലർ ബന്ധുവീടുകളിലും അഭയംതേടി. കിഴക്കൻ മേഖലയായ മൂലപ്പൻതുരുത്ത് പൊഴിച്ചിറ കോളനി, പുത്തൻകരി കോളനി, വാൽമുതുക് തുടങ്ങിയ സ്ഥലങ്ങളിലെ നടവഴികളിൽവരെ വെള്ളം ഉയർന്നതോടെ പലർക്കും വീടിനു പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ബസാർ റോഡ്, ഗണപതിക്കാട്, ചാളക്കടവ്, സൗദി, മാനാശേരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങി. ഇതോടെ ഈ ഭാഗത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കണ്ടക്കടവ് സെന്റ്.സേവ്യേഴ്സ് ഹാളിലേക്ക് 50 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചെല്ലാനം സെന്റ് മേരീസ് സ്കൂൾ ഹാളും ക്യാമ്പിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇന്നലെയും ചെല്ലാനത്തെ വിവിധ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു.