കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമ്മിക്കാനുള്ള നടപടികൾ നീളുമെന്ന് ആശങ്ക. ടെൻഡർ സമർപിക്കാനുള്ള തീയതി വ്യക്തമായ കാരണങ്ങളില്ലാതെ ഒരുമാസത്തേക്ക് നീട്ടി. പ്രാരംഭ ഘട്ടത്തിൽതന്നെ നടപടിക്രമങ്ങളുടെ സമയക്രമം തെറ്റുന്നത് സമയബന്ധിതമായി പ്ലാന്റ് പൂർത്തിയാവില്ലെന്ന സൂചനകളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇക്കാര്യത്തിലുള്ള ആശങ്കയറിച്ച് മേയർ സൗമനി ജെയിൻ തദ്ദേശഭരണ മന്ത്രി എ.സി. മൊയ്തീന് കത്ത് നൽകി.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സർക്കാർ കൊണ്ടുവന്ന പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് നഗരവാസികൾ കാണുന്നത്. ആദ്യം കരാർ നൽകിയ യു.കെയിലെ ജി.ജെ ഇക്കോ പവർ ലിമിറ്റഡിനെ ഒഴിവാക്കിയാണ് പുതിയ കമ്പനിയെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചത്. അത് സംബന്ധിച്ച ടെൻഡർ നടപടികളാണ് ഇപ്പോൾ അനിശ്ചിതമായി നീളുന്നത്. നഗരത്തിലെ ഗുരുതരമായ മാലിന്യ പ്രശ്‌നത്തിനും ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിനും ശാസ്ത്രീയ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഇപ്പോൾ അനിശ്ചിതാവസ്ഥയിൽ തുടരുന്നത്.
സാമ്പത്തിക ഭദ്രതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജി.ജെ ഇക്കോ പവർ ലിമിറ്റഡുമായി 2016 ലുണ്ടാക്കിയ കരാർ സർക്കാർ റദ്ദാക്കിയത്. പദ്ധതിക്കാവശ്യമായ സാമ്പത്തിക സമാഹരണം നടത്താനുള്ള കഴിവ് തെളിയിക്കുന്ന രേഖ നിർദ്ദിഷ്ട ദിവസത്തിനുള്ളിൽ ഹാജരാക്കാൻ കഴിയാത്തതിനാലാണ് കരാർ റദ്ദാക്കിയതെന്നാണ് സർക്കാർ അറിയിച്ചത് എന്നാൽ പുതിയ കമ്പനിയെ തിരഞ്ഞടുക്കാനുള്ള നടപടികൾ ആരംഭിക്കാനും കഴിഞ്ഞിട്ടില്ല.
പുതിയ ഏജൻസിക്ക് പദ്ധതി നൽകിയാൽ പോലും ഇത് പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരും.
ടെൻഡർ സമർപ്പിക്കാനുള്ള തീയതിയാണ് ഒരുമാസം നീട്ടിയിരിക്കുകയാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് സർക്കാർ പലഘട്ടങ്ങളിലും നൽകിയ ഉറപ്പ്. ഈ സാഹചര്യത്തിൽ അത് മുഖവിലക്കെടുക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മേയർ പറഞ്ഞു.