കോലഞ്ചേരി: കൊവിഡ് സ്ഥിരീകരിച്ച മണ്ണൂരിലെ വെളിച്ചെണ്ണ വ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽ സ്ഥാപനത്തിലെ ജോലിക്കാരായ 30 പേരുൾപ്പടെ 69 പേരായി. ഇദ്ദേഹത്തെ നെടുമ്പാശേരിയിലെ കൊവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി. ബന്ധുക്കളുടെ സ്രവ പരിശോധന ഇന്ന് നടക്കും. മണ്ണൂർ ജംഗ്ഷനുമായി ബന്ധമുള്ള 3,4,8 വാർഡുകളിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാക്കാൻ പഞ്ചായത്ത്, റെവന്യു, പൊലീസ് സംയുക്ത യോഗം ജില്ലാ കളക്ടർക്ക് റിപ്പോർട്ടു നൽകി. ഇദ്ദേഹവുമായി കഴിഞ്ഞ ഒന്നു മുതൽ സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പുമായോ, കുന്നത്തുനാട് പൊലീസുമായോ ബന്ധപ്പെടണം. രോഗ പാശ്ചാത്തലത്തിൽ മണ്ണൂരിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്നില്ല. മേഖലയിലെ ബാർബർ ഷോപ്പും, സ്വകാര്യ ക്ളിനിക്കുമടക്കം വിവിധ സ്ഥാപനങ്ങളിലും മില്ലുടമയ്ക്ക് സമ്പർക്കമുണ്ട്.