ആലുവ: ആശങ്ക ഉയർത്തി ഉയർന്ന പെരിയാറിലെ ജലനിരപ്പ് താഴേക്കായി. വെള്ളിയാഴ്ച്ചയും ഇന്നലെയുമായി മൂന്നടിയിലേറെ വെള്ളം താഴ്ന്നിട്ടുണ്ട്. എന്നാൽ തീരപ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. ഇന്നലെ പകൽ ശക്തമായ മഴയുണ്ടായില്ലെങ്കിലും മഴ പൂർണമായി മാറി നിന്നില്ല.
അണക്കെട്ടുകളിൽ നിന്നും വെള്ളം നിയന്ത്രണവിധേയമായി തുറന്നുവിട്ടതും മഴക്ക് ചെറിയ ശമനമുണ്ടായതുമാണ് ജലനിരപ്പ് താഴാൻ കാരണം. വെള്ളിയാഴ്ച്ച രാവിലെ വെള്ളം ഉയർന്ന സാഹചര്യത്തിൽ പെരിയാർ തീരത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നു. പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമെല്ലാം വലിയ ആശ്വാസമാണ് നൽകിയത്
ക്യാമ്പുകൾഒരുങ്ങി
കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ബാധിച്ചവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാനാണ് നിർദ്ദേശിച്ചത്. അതിന് സാഹചര്യമില്ലാത്തവർക്കായി നഗരസഭയും പഞ്ചായത്തുകളുമെല്ലാം സ്വന്തം നിലയിൽ ക്യാമ്പ് തുറക്കുന്നതിനും ഒരുക്കം പൂർത്തിയാക്കിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള ക്യാമ്പുകൾക്കായിരുന്നു ഒരുക്കം. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക ക്യാമ്പ് സൗകര്യവും പല തദ്ദേശ സ്ഥാപനങ്ങളും കണ്ടെത്തിയിരുന്നു. .