kerala-highcourt

കൊച്ചി : രാജമല,​ കരിപ്പൂർ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഒാടിയെത്തിയവരെ പ്രകീർത്തിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ വരികൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദൈവങ്ങൾ കടന്നുവരുമ്പോൾ എന്ന പേരിൽ ഇംഗ്ളീഷിൽ കുറിച്ചിട്ട കവിത വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമായി മാറിക്കഴിഞ്ഞു.

പേരും പെരുമയും കൊതിക്കാതെ,​ കാമറ വെളിച്ചങ്ങൾ തേടാതെ രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയ സാധാരണക്കാരുടെ കൈകളിൽ കേരളം സുരക്ഷിതമാണെന്ന് കുറിപ്പിൽ പറയുന്നു.

 ജഡ്ജിയുടെ കുറിപ്പിൽ നിന്ന് :

ദൈവങ്ങൾ ഇന്നലെ മണ്ണിലേക്കിറങ്ങി വന്നു

മണ്ണടിഞ്ഞുവീണ രാജമലയിലും വിമാനം

ഇടിച്ചുതകർന്ന കരിപ്പൂർ എയർപോർട്ടിലും

എണ്ണമറ്റ ദൈവങ്ങളെ നാം കണ്ടു

സാധാരണക്കാരാണ് അവർ.
പേരും പെരുമയും താത്പര്യമില്ലാത്തവർ

കാമറകളുടെ വെളിച്ചം തേടാത്തവർ

കൊവിഡിനെപ്പോലും മറന്നോടിയെത്തി

വേദനിക്കുന്നവർക്ക് രക്ഷയായി.

രക്തംപുരണ്ട വേഷങ്ങളിൽ

ഒടുവിലത്തെ ഇരയെയും

രക്ഷിക്കാനോടി നടന്നവർ

പല മതമാണ് അവർക്കെങ്കിലും വിശ്വാസം

അതുല്യമാം ആ മഹാശക്തിയെ

സ്വാർത്ഥമോഹങ്ങളും ഭയവുമില്ലാതെ

ഒാടിയെത്തിയ സോദരർ

അവരാണ് യഥാർത്ഥ ദൈവങ്ങൾ

കളങ്കമില്ലാത്തൊരീ ധീരരുടെ കൈകളിൽ

കേരളമെത്രയോ സുരക്ഷിതം

അത്ഭുതം കൂറേണ്ട, കേരളം

ദൈവങ്ങളുടെ സ്വന്തം നാടുതന്നെ