eloor-flood
മഴയിൽ മുങ്ങി...ശക്തമായ മഴയിൽ എറണാ കുളം ഏലൂരിലെ ചിറാക്കുഴിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ

കൊച്ചി: സൂര്യവെളിച്ചം കണ്ടുണർന്നെങ്കിലും കാലവർഷത്തിന് കലിയടങ്ങിയില്ല. ശനിയാഴ്ചയും ജില്ലയിൽ മഴ തുടർന്നു പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലായിരുന്നു മഴ കൂടുതൽ ശക്തം. ചെല്ലാനത്ത് കടൽക്ഷോഭത്തിന്റെ ശക്തി കുറഞ്ഞെങ്കിലും കടൽകയറ്റം തുടരുകയാണ്. ഇന്നലെ മാത്രം 1 കോടി 22 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയിൽ മഴയിലുണ്ടായത്. വീടുകൾക്കും കൃഷി സ്ഥലങ്ങൾക്കും നാശമുണ്ടായി. കൂടുതൽ ക്യാമ്പുകൾ തുറന്നു. 38 ക്യാമ്പുകളിലായി 1185 പേരാണ് ഉള്ളത്. 60 വയസിന് മേൽ പ്രായമുള്ളവർക്കായുള്ള 8 ക്യാമ്പുകളിലായി 60 പേരുണ്ട്.

അതേസമയം, വെള്ളിയാഴ്ചയേക്കാൾ ഭേദപ്പെട്ട കാലാവസ്ഥയായിരുന്നു ഇന്നലെ. തുടർച്ചയായി മഴ പെയ്തെങ്കിലും ശക്തി കുറവായിരുന്നു.

# മലങ്കര ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു

കഴിഞ്ഞദിവസം വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങി. ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളിയാഴ്ച അർദ്ധരാത്രി 31 മീറ്റർ ആയിരുന്ന ജലനിരപ്പ് ശനിയാഴ്ച ഉച്ചയോടെ 28.70 മീറ്റർ ആയി താഴ്ന്നു. അതേസമയം, കോതമംഗലം തൃക്കരിയൂർ വില്ലേജിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പൈങ്ങോട്ടൂർ, നേര്യമംഗലം, കുട്ടമ്പുഴ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഉച്ചയോടെ മൂവാറ്റുപുഴയാറ്റിൽ അപകടനിരപ്പിന് മുകളിൽ വെള്ളമൊഴുകിയെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. 40.50 മീറ്റർ ആയിരുന്ന മലങ്കര ഡാമിന്റെ ജലനിരപ്പ് 39.70 ആയി കുറഞ്ഞത് മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പിൽ കുറവ് വരുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കൺട്രോൾ റൂം തുറന്നു

മഴ ശക്തമായ സാഹചര്യത്തിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് കണയന്നൂർ താലൂക്കിൽ കൺട്രോൾ റൂം തുറന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ അംഗീകൃത ചാരിറ്റബിൾ സംഘടനകളെ ഒരു പ്ളാറ്റ്ഫോമിൽ ക്രമീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ദൗത്യം. കൺട്രോൾ റൂം നമ്പർ :8138956149

കടൽക്ഷോഭം ശക്തമാകുമെന്ന് മുന്നറിയിപ്പ്

വരുംദിനങ്ങളിൽ കടൽക്ഷോഭം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദേശമുണ്ട്. ചെല്ലാനം മേഖലകളിൽ കഴിഞ്ഞ കുറേ ദിനങ്ങളായി അതിശക്തമായ കടൽക്ഷോഭമാണുള്ളത്.

നഷ്ടക്കണക്ക്

താലൂക്ക് - നാശനഷ്ടം

കൊച്ചി - 30 ലക്ഷം

കണയന്നൂർ - 30 ലക്ഷം

മൂവാറ്റുപുഴ - 25 ലക്ഷം

പറവൂർ - 12 ലക്ഷം

ആലുവ - 10 ലക്ഷം

കുന്നത്തുനാട് - 10 ലക്ഷം

കോതമംഗലം - 5 ലക്ഷം

ക്യാമ്പുകളിൽ

കുടുംബങ്ങൾ- 439

പുരുഷന്മാർ - 462

സ്ത്രീകൾ - 547

കുട്ടികൾ - 183