പറവൂർ : കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് പറവൂർ താലൂക്കിൽ പതിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പുത്തൻവേലിക്കരയിൽ തെനപ്പുറം, കോഴിത്തുരുത്ത്, ചെറുകടപ്പുറം, തേലത്തുരുത്ത്, സ്റ്റേഷൻകടവ് പ്രദേശങ്ങളിലാണ് വെള്ളിയാഴ്ചയോടെ വെള്ളം കയറിയത്. ഇളന്തിക്കര ഹൈസ്കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളുണ്ട്. സമീപത്തെ പ്രേഷിതാലയം കോൺവന്റിൽ മൂന്നു കുടുംബങ്ങളിലെ വനിതകളുമുണ്ട്. സ്റ്റേഷൻകടവിലെ വി.സി.എസ് ഹയർസെക്കൻഡറി സ്കൂളിലും തുരുത്തൂർ സെന്റ് തോമസ് യു.പി സ്കൂളിലും ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ചിറ്റാറ്റുകര പഞ്ചായത്തിലെ ചെറിയപല്ലംതുരുത്ത്, വലിയപല്ലംതുരുത്ത്, പറയകാട് എന്നിവിടങ്ങളിലുള്ള ആറ് കടുംബങ്ങളാണ് പറവൂർ ടൗണിലെ കണ്ണൻകുളങ്ങര ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലുള്ളത്. വി.ഡി. സതീശൻ എം.എൽ.എ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. ചാത്തേടം തുരുത്തിപ്പുറം, വെള്ളോട്ടുംപുറം പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ചിലർ ബന്ധുക്കളുടെ വീടുകളിലേക്കു മാറിയിട്ടുണ്ട്. തോടുകളിൽ നിന്നുള്ള വെള്ളമാണ് കൂടുതലായി വീടുകളിലേക്ക് എത്തിയിട്ടുള്ളത്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളാണിവ. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വാഹനങ്ങൾ ഉയർന്ന പ്രദേശത്തേയ്ക്കും പാലങ്ങളും അപ്രോച്ച് റോഡുകളിലേയ്ക്കും മാറ്റിയിട്ടുണ്ട്.
13ക്യാമ്പുകൾ
പുത്തൻവേലിക്കര, കുന്നുകര, കടുങ്ങല്ലൂർ എന്നിവിടങ്ങളിൽ മൂന്നു വീതവും ഏലൂരിൽ രണ്ടും കരുമാലൂർ, പറവൂർ ടൗൺ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പുകളുമാണ് ആരംഭിച്ചത്.
ബോട്ടുകൾ സജ്ജം
വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പുത്തൻവേലിക്കര പഞ്ചായത്ത് നാല് ഫൈബർ ബോട്ടുകളും രണ്ട് ഫൈബർ വഞ്ചികളും വാങ്ങി. ഇവ പഞ്ചായത്ത് അങ്കണത്തിൽ എത്തിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷത്തിൽപരം രൂപ ചെലവഴിച്ച് അരൂരിലെ സ്വകാര്യ കമ്പനിയിൽ നിന്നും വാങ്ങിയത്. ബോട്ടുകളിൽ ഘടിപ്പിക്കുന്നതിനുള്ള യമഹ എൻജിൻ ഓർഡർ ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യമുള്ളതിനാൽ എത്രയും വേഗം നൽകണമെന്നു കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു പറഞ്ഞു. എൻജിൻ ഉണ്ടെങ്കിലേ പുഴയിലെ ഒഴുക്കിനെതിരെ ബോട്ട് കൊണ്ടുപോകാൻ കഴിയൂ.