vazha
വിളവെടുപ്പിന് പാകമായ വാഴതോട്ടങ്ങളിൽ വെള്ളം കയറിയപ്പോൾ

ആലുവ: കനത്തമഴയും വെള്ളക്കെട്ടും ഉളിയന്നൂരിലെ കർഷകരെ ദുരിതത്തിലാക്കി. കണ്ടെയ്ൻമെന്റ് സോണായിരുന്നതിനാൽ പാകമായവ വിളവെടുക്കാൻ പറ്റാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കാലവർഷക്കെടുതിയും കടന്നുവന്നത്.
ഏത്തവാഴയും ചീരയും കപ്പയുമെല്ലാം ധാരാളമായി കൃഷിചെയ്യുന്ന പ്രദേശവാസികൾക്ക് ലോക്ക്ഡൗൺ മൂലം ഉൽപ്പന്നങ്ങൾ യഥാസമയം വിറ്റഴിക്കാൻ കഴിഞ്ഞില്ല. സൊസൈറ്റികളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്തും സ്വർണ്ണം പണയം വെച്ചുമാണ് പലരും കാർഷികരംഗത്ത് പ്രവർത്തിക്കുന്നത്. പലർക്കും വാഴകൃഷിയുടെ പാട്ടക്കാശ് പോലുംനൽകാൻ ഇത്തവണ സാധിക്കില്ല.

മാർക്കറ്റ് അടഞ്ഞു കിടക്കുന്നതും ദുരിതമായി. ഇത്തരത്തിൽ പാകമായ വിളകളെല്ലാം കൃഷിയിടങ്ങളിൽതന്നെ കിടക്കുന്ന സാഹചര്യത്തിലാണ് മഴ കനത്തത്.

മഴ ചതിച്ചു

മഴയോടൊപ്പം വീശിയടിച്ച കാറ്റും കർഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചു. കനത്ത നഷ്ടം സഹിച്ചാണ് ഇപ്രാവശ്യത്തെ വിളകൾ കുറച്ചെങ്കിലും വിറ്റഴിച്ചത്.നാട്ടിൽ തന്നെയുള്ളവർക്ക് പലപ്പോഴായി ഉല്പന്നങ്ങൾ വീടുകളിൽ എത്തിച്ച് നൽകിയാണ് ചിലർ കാർഷീക ഉൽപന്നങ്ങൾ കുറച്ചെങ്കിലും ചീഞ്ഞുപോകാതെ നോക്കിയത്.

ഇത് വിളകൾ ചീഞ്ഞ് പോകുന്നതിന് ഇടയാക്കിയേക്കും. കാറ്റിൽ പലരുടേയും വാഴ കൃഷികളും നശിച്ചിട്ടുണ്ട്.