പിറവം: നിയോജകമണ്ഡലത്തിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ അവലോകന യോഗം ചേർന്നു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട പ്രദേശങ്ങളെ സംബന്ധിച്ചും തുടങ്ങേണ്ട ക്യാമ്പുകലെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ തഹസിൽദാർ കെ.എസ് സതീശൻ, പാമ്പാക്കുട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുനിസിപാലിറ്റി ചെയർമാൻ സാബു കെ. ജേക്കബ്, കൂത്താട്ടുകുളം മുനിസിപാലിറ്റി ചെയർമാൻ റോയ് അബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ ഏലിയാസ്, അഡ്വ.മിനി കുമാരി, ജെസി പീറ്റർ, ജലജ മോഹനൻ,മൂവാറ്റുപുഴ ഡെപ്യൂട്ടി തഹസിൽദാർ മുരളീധരൻ നായർ, പിറവം സർക്കിൾ ഇൻസ്പക്ടർ സാംസൺ,രാമമംഗലം സർക്കിൾ ഇൻസ്പക്ടർ ഷൈജു പോൾ,ഫയർഫോഴ്‌സ്,തദ്ദേശ,റവന്യൂ വകുപ്പു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

#നാലുതരം ക്യാമ്പുകൾ

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പഞ്ചായത്തുകളിൽ എ.ബി.സി.ഡി എന്നിങ്ങനെ നാലുതരത്തിലുള്ള പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങും.എ.ബി കേന്ദ്രങ്ങളിൽ വെള്ളം കയറിയാൽ എല്ലാ വർഷവും ആരംഭിക്കുന്ന സാധാരണ ക്യാമ്പുകളും,സിയിൽ കോവിഡ് ക്യാമ്പുകളും ആരംഭിക്കും.ഡിയിൽ ക്വാറന്റൈയിനിലുള്ളവരെ താമസിപ്പിക്കും.ക്യാമ്പുകളിൽ മെഡിക്കൽ സൗകര്യം ഉറപ്പുവരുത്തും. വെള്ളപ്പൊക്കത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തിരമോ വില്ലേജുകൾ മുഖാന്തരമോ അറിക്കും.

#ബോട്ടുകൾ സജ്ജം
ഫയർ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും ആവശ്യമായ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ക്രമീകരിക്കുന്നതിന് വേണ്ടി ബോട്ട് ഉള്ളവരുടെ കണക്കുകൾ യോഗ തീരുമാനം അനുസരിച്ച് ഫയർഫോഴ്‌സ് എടുക്കുന്നുണ്ട്. എം.എൽ.എയുടെ ആവശ്യപ്രകാരം ലഭിച്ച ഡിങ്കി ബോട്ടും, സ്‌കൂബാ ടീമും പിറവം ഫയർസ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.