aluva-plant

ആലുവ: പെരിയാറിൽ ചെളിയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം ഭാഗികമായി. ഇതേത്തുടർന്ന് പശ്ചിമകൊച്ചിയിലേക്കും ആലുവ നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള വിതരണവും താത്കാലികമായി മുടങ്ങി.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ചെളിയുടെ അളവ് 300 എൻ.ടി.യു ആയി ഉയർന്നതോടെ മൂന്ന് പമ്പ് ഹൗസിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം നിറുത്തി. മൂന്നുമണിയോടെ എറണാകുളത്തേയ്ക്കുള്ള പമ്പിംഗ് ഭാഗികമായി പുനരാരംഭിച്ചു. അഞ്ചുമണിയോടെ ആലുവ മേഖലയിലേയ്ക്കുള്ള പമ്പിംഗും വീണ്ടും തുടങ്ങി. വൈകിട്ടോടെ ചെളിയുടെ അളവ് 60 എൻ.ടി.യുവായി കുറഞ്ഞു. അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതിനാലും മഴവെള്ളം ഒഴുകിവന്നതിനാലും പെരിയാറിൽ ചെളിയുടെ അംശം കൂടിയതാണ് വിനയായത്. ചുവപ്പ് നിറത്തിലുള്ള കട്ടച്ചെളിയാണ് പെരിയാറിലെ വെള്ളത്തിൽ കലർന്നത്.

ഉരുൾപൊട്ടൽ ഉണ്ടാകുമ്പോഴും അണക്കെട്ടുകളുടെ അടിഭാഗം തുറക്കുമ്പോഴുമാണ് ഇത്തരത്തിലുള്ള ചെളി കലർന്ന വെള്ളമെത്തുന്നത്. കുറുകിക്കുഴഞ്ഞ ചെളി ശുദ്ധീകരിക്കാൻ ജലഅതോറിറ്റി ഏറെ പാടുപെടേണ്ടി വന്നു. പലതവണ ഫിൽട്ടർ ബഡുകൾ കേടായി. അവ വീണ്ടും കഴുകി വൃത്തിയാക്കേണ്ടിവന്നു. ചെളി കൂടിയതിനാൽ ഉത്പാദനത്തിൽ 15 ശതമാനം കുറവ് ശനിയാഴ്ചയും രേഖപ്പെടുത്തിയെന്ന് ജലശുദ്ധീകരണ ശാലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.