കൊച്ചി : ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ പദ്ധതി തയ്യാറാക്കി മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുന്നതിന് ഉടൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) വർഷകാല സമ്മേളനം ആവശ്യപ്പെട്ടു.

കൊവിഡ് സമൂഹവ്യാപനമായി പടരുന്ന പശ്ചാത്തലത്തിൽ ഒരു മാസത്തോളമായി ചെല്ലാനം പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേകാലത്തുതന്നെ അതിരൂക്ഷമായ കടൽക്കയറ്റവുമുണ്ടായി. 70 വീടുകൾ പൂർണമായും 550 വീടുകൾ ഭാഗികമായും തകർന്നു.

കടലാക്രമണംമൂലം വീടുകളിൽ നിന്ന് മാറേണ്ടിവന്നവർക്ക് കൊവിഡ് ഭീതിമൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ജോലിയെടുക്കാൻ കഴിയാത്തതിനാൽ ദിവസക്കൂലിക്കാരായ ജനങ്ങളുടെ ദുരിതം ഭീകരമാണ്. ചെറിയൊരിടവേളയ്ക്കു ശേഷം രണ്ടാമതും കടൽകയറ്റം രൂക്ഷമായി. പൂലിമുട്ടുകൾ കെട്ടി കടൽക്ഷോഭം നിയന്ത്രിക്കണമെന്ന ജനങ്ങളുടെ ആവശ്യം മാറിമാറി വരുന്ന സർക്കാരുകളോട് ഉന്നയിച്ചെങ്കിലും നാളിതുവരെ നടപടികൾ ഉണ്ടായിട്ടില്ല. മഴക്കാലത്തിനു തൊട്ടുമുമ്പ് താത്കാലികാടിസ്ഥാനത്തിൽ ചില പണികൾക്ക് തുടക്കമിടുന്നുണ്ട്. അതൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നില്ല. ചെല്ലാനം മുതൽ വടക്കു ഫോർട്ടുകൊച്ചി വരെ കടൽക്ഷോഭം ശക്തമാണ്. ഈ മേഖലയിൽ കോവിഡ് വ്യാപനവുമുണ്ട്. കടൽകയറ്റം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആദ്യം പുലിമുട്ടുകൾ കെട്ടാൻ സർക്കാർ തയ്യാറാകണമെന്ന് സമിതി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സെക്രട്ടറി ജനറൽ ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് ജോസഫ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.