# സോഹൻറോയ് എഴുത്ത് തുടരുകയാണ്
കൊച്ചി: ആയിരം ദിവസവും മുടക്കമില്ലാതെ ആയിരം അണുകവിതകൾ. വിഷയമാകട്ടെ ആനുകാലികവും. ആക്ഷേപഹാസ്യമാണ് മുഖമുദ്ര. അണുകവിത മാത്രമല്ല, സംഗീതംനൽകി ദൃശ്യവത്കരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്യും. കൈയടി മാത്രമല്ല വിമർശനവും വിവാദവും നേരിടേണ്ടിവന്നിട്ടും കവി സോഹൻറോയ് എഴുത്ത് തുടരുന്നു.
നിത്യജീവിതത്തിൽ ശ്രദ്ധിക്കപ്പെട്ട ആറോ എട്ടോവരി കവിതകളാണ് കുറിക്കുക. ലോക്ക് ഡൗൺ മൂലം ദുബായിൽ കഴിയുകയാണെങ്കിലും കവിമനസ് കേരളീയ വിഷയങ്ങളിൽ നിന്നാണ് ഇതിവൃത്തം കണ്ടെത്തുക.
ഗൾഫിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനാണ് സോഹൻ റോയ്. പ്രശസ്തമായ ഡാം 999 എന്ന അന്തർദേശീയ അവാർഡുകൾ വാരിക്കൂട്ടിയ സിനിമയുടെ സംവിധായകൻ. ബിസിനസ് തിരക്കിലും മുടങ്ങാത്ത അണുകവിത രചനയാണ് ഇന്നലെ ആയിരംദിവസം പൂർത്തിയാക്കിയത്.
സ്കൂൾ പഠനകാലത്തേ യുവകവിയായി ശ്രദ്ധനേടിയിട്ടുണ്ട്. ഉന്നതപഠനത്തിന്റെയും ബിസിനസുകളുടെയും തിരക്കുകളിലും കവിതയെ കൈവിട്ടില്ല. രണ്ടരവർഷം മുമ്പാണ് ദിവസവും ചെറുകവിത രചിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. വിമർശനങ്ങളും ഹാസ്യവുംകലർത്തി കുഞ്ചൻനമ്പ്യാർ ശൈലിയിൽ സാമൂഹ്യപ്രശ്നങ്ങൾ കവിതയ്ക്ക് ഇതിവൃത്തമാക്കി.
തിരഞ്ഞെടുത്ത 125 കവിതകൾ ഉൾപ്പെടുത്തി ഡി.സി ബുക്സ് അണുകാവ്യമെന്ന സമാഹാരം പുറത്തിറക്കി. പുസ്തകം വായിച്ച ശ്രീകുമാരൻ തമ്പി, ടി.പി. ശാസ്തമംഗലം, പ്രൊഫ. വിവേകാനന്ദൻ തുടങ്ങിയവർ അഭിനന്ദനം അറിയിച്ചപ്പോൾ എഴുത്തിന് പുതിയ ഉൗർജം ലഭിച്ചെന്ന് കവി പറഞ്ഞു.
പരമ്പരയിലെ 601 കവിതകൾ പൂർത്തിയായപ്പോൾ അണുമഹാകാവ്യം പുസ്തകം പ്രസിദ്ധീകരിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സൂര്യ ഫെസ്റ്റിവൽ എന്നിവിടങ്ങളിലായിരുന്നു പ്രകാശനം.
കവിതകൾ സംഗീതം നൽകി അവതരിപ്പിച്ചതും യാദൃച്ഛികമായിരുന്നു. സലിംകുമാർ സംവിധാനം ചെയ്ത കറുത്തജൂതൻ സിനിമയുടെ സംഗീതസംവിധായകൻ ബി.ആർ. ബിജുറാം ഫേസ്ബുക്കിൽ കണ്ട 'കുരുതിമോക്ഷം' എന്ന കവിതയ്ക്ക് സംഗീതംനൽകി പാടി അയച്ചുകൊടുത്തു. ഇത് ഇഷ്ടപ്പെട്ട കവി സംഗീതം ബിജുറാമിനെ ഏല്പിച്ചു. ദിവസവും കവിതകളുടെ സംഗീതവും ഓർക്കസ്ട്രേഷനും ആലാപനവും തുടരുന്നു.
ചില കവിതകൾക്ക് പ്രതിഷേധമേൽക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും സാമൂഹ്യവിമർശനം എഴുത്തിൽ തുടരാൻ തന്നെയാണ് തീരുമാനം. എഴുത്തിലെ വിമർശനം ബിസിനസിനെ ബാധിക്കുമോയെന്ന ആശങ്കയില്ലെന്നും അദ്ദേഹം പറയുന്നു.
# രണ്ട് അണുകവിതകൾ
പണിയെടുക്കാത്തവർ
പണിയെടുക്കുന്നോർക്ക്
പണിയെടുക്കാതിരിക്കാൻ
കൊടുക്കുന്ന പണിയാണ്
ഹർത്താൽ
ആധാരം ഇല്ലാത്തവനെ
ആധാർ എടുപ്പിക്കാൻ
ആധി കൂട്ടുന്നതിൻ
ആധാരമെന്തെടോ?