കോലഞ്ചേരി: കൊവിഡ് പ്രതിരോധം കഴിഞ്ഞ് ഫിറ്റ്നെസ് സെന്ററുകൾ തുറന്നെങ്കിലും മസിലു പെരുപ്പിക്കാൻ, മസിലന്മാർക്കും മടി. അഞ്ചു മാസം അടഞ്ഞു കിടന്ന ഫിറ്റ്നെസ്സ് സെന്ററുകൾ തുറന്നപ്പോൾ വരുന്നവർ കുറവ്.
കൊവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. പതിവുകാരിൽ 40 കഴിഞ്ഞവർ ആ വഴിയ്ക്കു വരുന്നേയില്ല. മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഫിറ്റ്നെസ് സെന്ററുടമകൾ.
ജില്ലയിൽ 300 ലധികം ജിംനേഷ്യങ്ങളും ഫിറ്റ്നെസ് സെന്ററുകളുമുണ്ട്. എല്ലാവരുടെയും സ്ഥിതി ഇതു തന്നെ. ഘട്ടംഘട്ടമായി വിവിധ മേഖലകളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ജിംനേഷ്യങ്ങൾ തുറക്കാൻ അനുമതി നൽകാതിരുന്നത് നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കിയെന്ന് ബോഡി ബിൽഡിംഗ് എറണാകുളം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ജെറി ലോപ്പസ് പറഞ്ഞു.
ഇളവുകളോ സഹായങ്ങളോ അടഞ്ഞുകിടന്ന കാലയളവിൽ ലഭിച്ചില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ്.
വായ്പ തിരിച്ചടവ്, കെട്ടിട വാടക, പരിശീലകരുടെ ശമ്പളം, വൈദ്യുതി ചാർജ് എന്നിവ അടക്കം ഭീമമായ ബാദ്ധ്യതയാണ് പല ഉടമകൾക്കും. ജിമ്മിലെ ഉപകരണങ്ങളും ചിലത് തകരാറിലായി. നിലവിൽ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തനം.
തെർമൽ സ്കാനർ പരിശോധനയ്ക്കു ശേഷം പ്രവേശനം,സാനിറ്റൈസർ നൽകും.
എല്ലാവരും മാസ്ക്, കൈയ്യുറകൾ എന്നിവ ധരിക്കണം. വ്യായാമ വേളയിലും നിർബന്ധം.
അംഗങ്ങൾ സ്വന്തമായി സാനിറ്റൈസറും മാസ്ക്കുകളും കുടിവെള്ളവും കൊണ്ടുവരണം.
ഗ്രൂപ്പ് എക്സർസൈസ് അനുവദിക്കില്ല
60 മിനിറ്റ് മാത്രമാണു പരിശീലനം.
ഉപകരണങ്ങൾ മതിയായ അകലം പാലിച്ച് ക്രമീകരിക്കണം.
എ.സി പ്രവർത്തിപ്പിക്കരുത്.
തുമ്മൽ, ചുമ, പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കു പ്രവേശനമില്ല.
അംഗങ്ങളുടെ വിലാസവും ഫോൺ നമ്പറും ജിമ്മിൽ വരുന്ന സമയവും രേഖപ്പെടുത്തണം.
ഷോട്സ് പാടില്ല, ട്രാക്ക് സ്യൂട്ട് പാന്റ്സ് ഉപയോഗിക്കണം.
ടർക്കിയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചു മാത്രമേ വർക്ക് ഔട്ട് പാടുള്ളൂ. ഷൂസ് നിർബന്ധം. കെണ്ടു വരുന്ന ഷൂസ് ജിമ്മിൽ മാത്രമേ ഉപയോഗിക്കാവൂ. ഇവ ജിമ്മിൽ സൂക്ഷിക്കാൻ പാടില്ല.
സർക്കാർ നല്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിച്ചു വേണം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ.
രോഗം പകരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കി രോഗ വ്യാപനം ഉണ്ടാകാത്ത വിധം വേണം പ്രവർത്തനം
പി.വി ശ്രീനിജിൻ, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ, എറണാകുളം