flood
കടാതി പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ.

മൂവാറ്റുപുഴ: തോരാതെ പെയ്യുന്ന മഴയിൽ ആശങ്ക ഒഴിയാതെ മൂവാറ്റുപുഴ. നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയി.വെള്ളിയാഴ്ച രാവിലെ മുതൽ മൂവാറ്റുപുഴയാറിൽ നീരൊഴുക്ക് കൂടിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളായ ഇലാഹിയ നഗർ, ആനിക്കാക്കുടി കോളനി, പേട്ട, കിഴക്കേക്കര, മൂവാറ്റുപുഴ കാവിന്റെ പരിസരം, തൃക്ക പാടശേഖരം , ആനച്ചാൽ, കടാതി പാടശേഖരം, എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, രണ്ടാർ, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയത്. വ്യാഴാഴ്ച രാത്രി മുതലാണ് കനത്ത മഴ ആരംഭിച്ചത്. ഇതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയിരുന്നു. മലങ്കരഡാമിലെ ജലനിരപ്പ് 39.98 അടി യാണ് നിലവിലുള്ളത്. 5 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തിയതുമൂലം മൂവാറ്റുപുഴ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുകയാണ് .

നിറഞ്ഞൊഴുകി മൂവാറ്റുപുഴയാർ

മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലും കനത്തമഴയും കാളിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതും , ഡാമുകളിലെ വെള്ളം വരവും കൂടിയതും മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകുവാൻ കാരണമായി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഇലാഹിയ നഗർ, കടാതി, ആനിക്കാക്കുടി കോളനി, പേട്ട, കൊച്ചങ്ങാടി , കിഴക്കേക്കര, മൂവാറ്റുപുഴ കാവിന്റെ പരിസരം, തൃക്ക പാടശേഖരം, കടാതി പാടശേഖരം, സ്റ്റേഡിയം, എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, രണ്ടാർ, പായിപ്ര പഞ്ചായത്തിലെ പെരുമറ്രം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.

കൂടുതൽ ആളുകളെ മാറ്റേണ്ട സാഹചര്യം

പ്രദേശത്തുള്ളവർ ബന്ധു വീടുകളിലും , ക്യാമ്പുകളിലുമായി കഴിയുകയാണ്. 61-കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്. മൂവാറ്റുപുഴ മേഖലയിൽ 186-വീടുകളിലാണ് വെള്ളം കയറിയത് . കൊവിഡ് 19- നെ ഭയന്ന് കൂടുതൽ പേരും സ്വന്തക്കാരുടെ വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു

വാഴപ്പിള്ളി ജെ.ബി.സ്‌കൂൾ, കടാതി എൻ.എസ്.എസ്.കരയോഗം,പെരുമറ്റം വി.എം.പബ്ലിക് സ്‌കൂൾ, കടവൂർ വി.എച്ച്.എസ്.സി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുകയാണ്. കൂടുതൽ വീടുകളിലേയ്ക്ക് വെള്ളം കയറുന്ന സ്ഥിതിയായാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടതായി വരും.