ആലുവ: പ്രളയഭീതി പരത്തി നവമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് അംഗമായ കൗൺസിലർക്കെതിരെ പ്രതിപക്ഷ നേതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇരുപക്ഷവും നവമാദ്ധ്യമങ്ങളിൽ പോർവിളി. സി.പി.എം പ്രതിനിധിയായ പമ്പ് കവലയിലെ വനിത കൗൺസിലറും സമാനമായ സന്ദേശം പ്രചരിപ്പിച്ചതായി കോൺഗ്രസും തിരിച്ചടിച്ചു.
എന്നാൽ സി.പി.എം പ്രതിനിധിയുടെ വാട്ട്സ് ആപ്പ് സന്ദേശത്തിൽ നഗരസഭ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയതായി പറയുന്നില്ലെന്നും എന്നാൽ കോൺഗ്രസ് പ്രതിനിധി ക്യാമ്പാരംഭിച്ചതായും കബളിപ്പിക്കുകയാണെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. തർക്കം കൊഴുത്തതോടെ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാമിന്റെ നിലപാട് വിശദീകരിക്കുന്ന വീഡിയോയും കോൺഗ്രസ് പുറത്തിറക്കി. 22- ാം വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ജെബി മേത്തർ ഹിഷാമിനെതിരെ സി.പി.എം ലോക്കൽ സെക്രട്ടറിയായ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആലുവ സി.ഐ എൻ. സുരേഷ് കുമാറിന് പരാതി നൽകിയത്.
വ്യാജ പ്രചരണം
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വിവാദമായ കൗൺസിലറുടെ കുറിപ്പ് വാട്ട്‌സ് ആപ്പുകളിൽ പ്രചരിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം പെരിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചെന്നും കഴിയുന്നവർ ബന്ധുവീടുകളിലേക്ക് പോകണമെന്നും അല്ലാത്തവർക്കായി പ്രിയദർശിനി ടൗൺ ഹാളിലും ഗവ. ഗേൾസ് സ്‌കൂളിലുമായി ക്യാമ്പ് തുറന്നിട്ടുണ്ടെന്നുമായിരുന്നു സന്ദേശം.
നൽകിയത് ലഭ്യമായ മുന്നറിയിപ്പ്: ജെബി മേത്തർ
ജില്ലാ കളക്ടർ എം.എൽ.എയെ അറിയിച്ച വിവരം നഗരസഭ ചെയർപേഴ്‌സനാണ് താൻ ഉൾപ്പെടെ മുൻകാലങ്ങളിൽ പ്രളയം ബാധിച്ച വാർഡ് കൗൺസിലർമാരെ അറിയിച്ചത്. ഇത്തരം അറിയിപ്പ് വരുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഉയരുന്ന ഘട്ടമായിരുന്നു. ഈ സാഹചര്യത്തിൽ വാർഡിൽ മുൻ വർഷം പ്രളയം ബാധിച്ചവർക്ക് വ്യക്തിപരമായി സന്ദേശം അയച്ചു. വാർഡിന് പുറത്തുള്ളവർക്കോ ഗ്രൂപ്പുകളിലേക്കോ അയച്ചിട്ടില്ല. മാത്രമല്ല, നഗരസഭ ക്യാമ്പ് സൗകര്യവും ഒരുക്കിയിരുന്നു.
എതിർത്തത് ഇല്ലാത്ത ക്യാമ്പിനെ: പ്രതിപക്ഷം
ആരംഭിക്കാത്ത ക്യാമ്പിന്റെ പേരിലുള്ള പ്രചരണത്തെയാണ് എതിർത്തതെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയും കൗൺസിലർ ശ്യാം പത്മനാഭനും പറഞ്ഞു. ഇതേതുടർന്ന് വെള്ളപ്പൊക്ക ഭീഷണിയുള്ള നിരവധി പേർ ക്യാമ്പ് ആരംഭിച്ചെന്ന് അവകാശപ്പെട്ട സ്ഥലത്ത് എത്തിയിരുന്നു. ഇത്തരം കബളിപ്പിക്കലിനെയാണ് എതിർക്കുന്നത്.